തിരുവനന്തപുരം: വരുന്ന ജനുവരിയില്‍ കേരളത്തിലെ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്ത്തിക്കാനായേക്കുമെന്ന് കരുതുന്നുവെന്നു മുഖ്യമന്ത്രി...
തിരുവനന്തപുരം: വരുന്ന ജനുവരിയില്‍ കേരളത്തിലെ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്ത്തിക്കാനായേക്കുമെന്ന് കരുതുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഒരു വര്‍ഷമായി വിദ്യാലയങ്ങളില്‍ നിന്ന് അകന്നു നിന്ന ശേഷം എത്തുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേല്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
500 കുട്ടികളില്‍ അധികം പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കിഫ്ബിയുടെ ധനസഹായത്തോടെ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നു. ഓരോ സ്കൂളിനും അഞ്ചു കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയായി വരുന്നു. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. എല്ലാ എല്‍പി സ്കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുന്നു. 11,400 സ്കൂളുകളില്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം.
അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ് ഇവ വിതരണം ചെയ്യുന്നത്.
നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം ഉടന്‍ നിര്‍വ്വഹിക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.
126 കോടി രൂപ ചെലവിട്ട് 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
COMMENTS