തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്...
തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ നടക്കുന്നത് കൊള്ളസംഘത്തിന്റെ ഭരണമാണ്. ശിവശങ്കറും സ്വപ്നയും മറ്റ് ചില ഉദ്യോഗസ്ഥന്മാരുമാണ് യഥാര്‍ത്ഥ മന്ത്രിമാര്‍. ഇടതു മുന്നണി യോഗം പോലും ചേരുന്നില്ല. സംസ്ഥാനത്തു നടക്കുന്നത് രാജഭരണമാണ്.
വരും നാളുകളില്‍ പിണറായി വിജയന്റെ റേറ്റിംഗ് ജനം താഴ്ത്തിക്കോളും. താന്‍ ഓരോ അഴിമതി ആരോപണവും ഉന്നയിച്ചത് രേഖകളുടെ പിന്‍ബലത്തിലാണ്. ഒരു ആരോപണവും ഉണ്ടയില്ലാ വെടിയല്ല. കോവിഡിന്റെ മറവില്‍ നടക്കുന്നതെല്ലാം അഴിമതിയാണ്.
മദ്യ മുതലാളിക്കു വേണ്ടി കോടികളാണ് ഒഴുക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷനെന്ന പൊന്മുട്ടയിടുന്ന താറാവിനെ സര്‍ക്കാര്‍ കൊന്നു. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു. ഇവിടെ കണ്‍ള്‍ട്ടന്‍സി രാജാണ് അരങ്ങേറുന്നത്.
സംസ്ഥാനത്ത് ദേശീയപാതകളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെന്നു പറഞ്ഞ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് പതിച്ചുകൊടുത്തു. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സ്പീക്കര്‍ ആവശ്യപ്പെട്ടാല്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാം.
അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടക്കുന്നത്. എം.എല്‍.എമാര്‍ക്ക് പോലും അപ്പോയ്ന്റ്‌മെന്റില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവാനാകില്ല. ശിവശങ്കറിന് ആറാടാന്‍ അവസരം കൊടുത്തതിന്റെ ധാരാളം കഥകള്‍ സെക്രട്ടേറിയേറ്റിന്റെ ഇടനാഴികളില്‍ കേള്‍ക്കുന്നു. ക്ലിഫ് ഹൗസില്‍ ഇടിവെട്ടിയെന്ന് പറഞ്ഞ് അവിടെ നടന്ന കാര്യങ്ങള്‍ ഒളിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയപ്പോള്‍ ശിവശങ്കറും സ്വപ്നയും കൂടെ വിദേശത്തേക്ക് പോയതെന്ന് വ്യക്തമാക്കണം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം?
അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പിലാണ് നടക്കുന്നത്. വെട്ടിപ്പ് നടത്തിയ ഡി.ജി.പി മാന്യനായി നടക്കുന്നു. എ.സി മൊയ്തീന്റെ കൈകള്‍ പരിശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലൈഫ് മിഷന്റെ ധാരണപത്രം ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി ഇതുവരെ തന്നില്ല. മാദ്ധ്യമ പ്രവര്‍ത്തകര്‍ വഴിയാണ് തനിക്ക് അതു കിട്ടിയത്. കിഫ്ബി സി.ഇ.ഒയ്ക്ക് കേരള ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളം.
കോവിഡ് പ്രതിരോധത്തെ പി.ആര്‍ എക്സൈസാക്കി മാറ്റി. പി.ആര്‍ വര്‍ക്ക് കണ്ട് എല്ലാം ഭദ്രമാണെന്ന് ജനം കരുതി. പിണറായി വിജയനും ഇടതുമുന്നണിയും കാരണമാണ് ദിവസവും രോഗികളുടെ എണ്ണം കൂടുന്നത്. ചെയ്യേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തില്ല.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് പിണറായി വിജന്റേത്. ഞങ്ങളുടെ കൈയില്‍ ഫയലുകള്‍ ഇനിയുമുണ്ട്. അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്, ചെന്നിത്തല പറഞ്ഞു.
COMMENTS