സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന കേരള സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് സെക്രട...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന കേരള സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് സെക്രട്ടേറിയറ്റില്‍ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിനു കീഴിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഇന്നുണ്ടായ തീപിടിത്തം.
തീപിടിത്തത്തില്‍ കാര്യമായ നാശമൊന്നുമില്ല എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ബോധപൂര്‍വം തീ ഇടുകയായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസിനോട് ചേര്‍ന്നുള്ള ബ്ലോക്കിലാണ് പ്രോട്ടോകോള്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍, വിവിധ കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ എല്ലാം കൈകാര്യം ചെയ്യുന്നത് പ്രോട്ടോകോള്‍ ഓഫീസാണ് .
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ അന്വേഷിക്കുന്ന ഒരുപാട് വിവരങ്ങള്‍ കൈമാറേണ്ട ഓഫീസിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഇതു തന്നെയാണ് സംഭവത്തിനു രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നത്.
ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാ രേഖകളും ഇ ഫയലിംഗ് വഴി സൂക്ഷിക്കുന്നുണ്ട് എന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പ്രധാന ഫയലുകള്‍ മിക്കതും ഇപ്പോഴും സെക്രട്ടേറിയറ്റ് കടലാസ് രൂപത്തിലാണ് സൂക്ഷിക്കുന്നത്.
തീപിടിത്തം ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൗശികന് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വാഗ്ദാനങ്ങളില്‍ പ്രതിപക്ഷം തൃപ്തരായില്ല.മണിക്കൂറുകളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷം തുടരുകയാണ്. ബിജെപിയും കോണ്‍ഗ്രസും സമരരംഗത്തുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വൈകുന്നേരം അഞ്ചുമണിക്ക് ശേഷം മൂന്ന് തവണയാണ് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാം സമരരംഗത്തുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു തീപിടിത്തത്തിന്റെ ഗൗരവം വിശദീകരിച്ചു.
ഇതേസമയം സെക്രട്ടറിയേറ്റിന്റെ സുരക്ഷാ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. തീപിടിത്തം ബോധപൂര്‍വമാണെന്ന് ആരോപിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്.
സ്വര്‍ണ്ണം കള്ളക്കടത്ത് കേസ് അട്ടിമറിക്കാനായി ബോധപൂര്‍വ്വം പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ കത്തിക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ആരോപിച്ചു. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും എല്ലാം ഒഴിവാക്കുകയും ചെയ്തു.
Keywords: Kerala, Secretariate, Protocol Office, Fire
COMMENTS