തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു.
ഓണപ്പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
സംസ്ഥാന അതിര്‍ത്തികളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി ജാഗ്രത പാലിക്കണം. നല്ല ബോധവല്‍ക്കരണം വേണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് വകുപ്പുകളിലെ ജീവനക്കാരെ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കളക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.
രോഗവ്യാപനം തടയാന്‍ കഠിന ശ്രമം നടത്തുകയാണ്. രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
രോഗവ്യാപനം തടഞ്ഞ് ജീവന് രക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള കാരണം ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ചു പഠിക്കണം.
മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ ഇപ്പോള്‍ നമുക്കാവുന്നു. രോഗവ്യാപനം വലിയതോതിലായാല്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തണം. ഫലപ്രദമായി വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം സജീവമല്ലാത്ത വാര്‍ഡുകളുടെ കാര്യം പ്രത്യേകം പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം.
ക്വാറന്റൈന്, കോണ്ടാക്ട് ട്രെയിസിങ് എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പൊലീസിനോടു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കിന് സാധ്യതയുണ്ട്. കടകളില്‍ വരുന്നവര്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ആഘോഷം പൊതുസ്ഥലങ്ങളില്‍ അനുവദിക്കരുത്. വാര്‍ഡുതല സമിതികള്‍ സജീവമാക്കാന്‍ ജനമൈത്രി പൊലീസ് ഇടപെടണം. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
COMMENTS