അഭിനന്ദ് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഡാക്കിലെ ഫോര്‍വേഡ് പോസ്റ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയത് സൈനികര്‍ക്ക് ആത്മവിശ്വാസ...
അഭിനന്ദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഡാക്കിലെ ഫോര്‍വേഡ് പോസ്റ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയത് സൈനികര്‍ക്ക് ആത്മവിശ്വാസവും എതിരാളികള്‍ക്ക് ആശങ്കയുമായി.
ജൂണ്‍ 15 ന് ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് മോഡിയുടെ സന്ദര്‍ശനം. സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സേനയുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനും ചൈനയ്ക്ക് ശക്തമായ സന്ദേശം നല്കുന്നതിനും സഹായകമായെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നിരന്തരമായി ചൈന കടന്നുകയറുന്നതിന്റെ ദൃശ്യങ്ങള്‍ ഉപഗ്രഹചിത്രങ്ങളിലുണ്ട്. പ്രധാനമന്ത്രിയോടൊപ്പം ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എം എം നരവനെയും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരോട് മോഡി സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിമുവിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലായിരുന്നു പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ലേയില്‍ നിന്ന് ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി അതിര്‍ത്തിയിലെത്തിയത്. അദ്ദേഹം ഇന്നു തന്നെ മടങ്ങും.
''നിമുവിലെ ധീരരായ സായുധ സേനാംഗങ്ങളുമായി സംവദിക്കുന്നു,'' എന്നു വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഫോട്ടോയും പോസ്റ്റു ചെയ്തു.
കരസേന, വ്യോമസേന, ഐടിബിപി എന്നിവയിലെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയത്തില്‍ പങ്കെടുത്തു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിമു ലോകത്തിലെ തന്നെ എത്തിച്ചേരാന്‍ പ്രയാസമുള്ള കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലൊന്നാണ്. സന്‍സ്‌കാര്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട് സിന്ധു നദീതീരത്താണ് ഈ പ്രദേശം.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ലേയിലേക്ക് പോകാനിരുന്നെങ്കിലും അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കുകയും പ്രധാനമന്ത്രി എത്തുകയുമായിരുന്നു.
ജൂണ്‍ 15 ന് ഗാല്‍വാന്‍ പ്രദേശത്ത് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ 45 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.
ലഡാക്കില്‍ ഇന്ത്യ ചൈനയ്ക്ക് ഉചിതമായ തിരിച്ചടി നല്‍കിയെന്ന് പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു.
Keywords: Ladakh, New Delhi, Prime Minister Narendra Modi , Surprise visit, Forward post, China, Morale booster, Chief of Defence Staff General Bipin Rawat, Army Chief MM Naravane
COMMENTS