സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ കുടുക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ കുടുക്കിയത് മകളുടെ ഫോണ്‍.
സ്വപ്‌നയുടെ ഒപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു. പിടിക്കപ്പെടുമെന്നു കരുതി സ്വപ്‌നയും ഭര്‍ത്താവുമെല്ലാം ഫോണ്‍ ഉപേക്ഷിച്ചാണ് പോയത്. എന്നാല്‍ മകള്‍ ഫോണ്‍ ഒപ്പം കരുതിയിരുന്നു. ഈ ഫോണ്‍ ഓണ്‍ ചെയ്ത നിമിഷം തന്നെ ഇന്റലിജന്‍സ് ബ്യൂറോ വിവരം എന്‍ഐഎ ആസ്ഥാനത്തേയ്ക്കുകൈമാറി. ഉടന്‍ തന്നെ എന്‍ഐഎ ബംഗളൂരു യൂണിറ്റിനെ അറിയിക്കുകയും അവര്‍ സംഘത്തെ പിടികൂടുകയുമായിരുന്നു.
സ്വര്‍ണം കടത്തി കിട്ടുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ചിലര്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതോടെ കേന്ദ്ര ഏജന്‍സികളെല്ലാം ഉണര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ സ്വപ്‌നയുടെയും സംഘത്തിന്റെയും ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
താന്‍ നിരപാധിയാണെന്നു കാട്ടി സ്വപ്‌ന കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ നിന്ന് ഫോണ്‍ ഐപി എന്‍ഐഎ കണ്ടെത്തിയിരുന്നു. പല ഫോണുകള്‍ കൈമറിഞ്ഞാണ് സന്ദേശം മാധ്യമങ്ങള്‍ക്ക് എത്തിയതെങ്കിലും അനായാസം സന്ദേശം തയ്യാറാക്കിയ ഫോണ്‍ എന്‍ഐഎ കണ്ടെത്തി. ഇതു മുതല്‍ സ്വപ്ന പോകുന്ന വഴിയെല്ലാം എന്‍ഐഎ അറിയുന്നുണാടായിരുന്നു.
സ്വപ്‌നയും കുടുംബവും സന്ദീപുമെല്ലാം ഒരുമിച്ചു യാത്ര ചെയ്തതും എന്‍ഐഎക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഉച്ചയോടെ തന്നെ ഇവരെ എന്‍ഐഎ വലയിലാക്കിയിരുന്നു.
കേരളത്തില്‍ നിന്നു വെള്ളിയാഴ്ചയാണ് ഇവര്‍ ബംഗളൂരുവിലേക്കു കടന്നതെന്നാണ് സൂചന. കേസ് എന്‍ഐഎ ഏറ്റെടുക്കുയും ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റുകയും ചെയ്യുകയും അറസ്റ്റ് തടയാതിരിക്കുകയും ചെയ്തതോടെ കേരളം വിടാന്‍ അഭിഭാഷകന്‍ ഉപദേശിച്ചുവെന്നാണ് അറിയുന്നത്.
ഇതനുസരിച്ച് സംഘം ബംഗളൂരുവിലേക്കു പോയി. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കേരള പൊലീസ് അറിയാതെ ഇവര്‍ക്ക് അതിര്‍ത്തി കടക്കാനാവില്ലെന്ന് എന്‍ഐഎ കരുതുന്നു. ഇവരെ കര്‍ണാടകത്തിലേക്കു പോകാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷണമുണ്ടാകും.
ഒളിവില്‍പ്പോയി ഏഴാം ദിവസമാണ് സ്വപ്ന കസ്റ്റഡിയിലായത്.
കേരള പൊലീസ് സഹായിക്കാതെ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം സ്വപ്നയെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ തങ്ങളുടെ പ്രൊഫഷണല്‍ മിടുക്കു തെളിയിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫീസില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ എന്‍ഐഎയും സമാനമായ ചില റെയ്ഡുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നുണ്ട്. കേസ് രാഷ്ട്രീയമായി ബിജെപി നേതൃത്വത്തിനു താത്പര്യമുള്ളതായതും ഭീകര ബന്ധം കൂടി വന്നതും അന്വേഷണത്തിന്റെ ഗൗരവം കൂട്ടും.

COMMENTS