സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് കസ്റ്റംസിനു ലഭിച്ചതായി സൂചന.
വൈകിട്ട് അഞ്ചു മണിക്കാണ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള കസ്റ്റംസ് ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി എത്തിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ നേരത്തേ തന്നെ കസ്റ്റംസ് പരിശോധന നടത്തിയരുന്നു. അപ്പോള്‍ കിട്ടിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കിട്ടിയ വിവരങ്ങള്‍ കസ്റ്റംസ് സ്വര്‍ണം കള്ളക്കടത്ത് അന്വേഷിക്കുന്ന എന്‍ ഐ എ സംഘത്തിനു കൈമാറും. വരും ദിവസങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്് കസ്റ്റംസ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ നേരിട്ടെത്തി നോട്ടീസ് കൊടുക്കുകയായിരുന്നു. ശിവശങ്കറിന് എയര്‍ കാര്‍ഗോ കമ്മിഷണര്‍ രാമമൂര്‍ത്തിയാണ് നോട്ടീസ് കൈമാറിയത്.
കേസിലെ പ്രതിയായ സ്വപ്‌നയും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നു നേരത്തേ തന്നെ വ്യക്തമായിരുന്നു. ഇവര്‍ ഒരുമിച്ചു നില്ക്കുന്ന ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍, സരിത്തും സ്വപ്‌നയും ശിവശങ്കറിനെ പലവട്ടം വിളിച്ചിതിന്റെ ഫോണ്‍ രേഖകള്‍ കസ്റ്റംസിന് എന്‍ ഐ എ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണ്ണക്കടത്തിന് സഹായം നല്‍കിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്ത്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങള്‍ അറിയാനാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
എന്നാല്‍, ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള സാഹചര്യം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Keywords: M Sivasankar, Customs, Gold Smuggling, Swapna Suresh, Sarith
COMMENTS