ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പാളിപ്പോയ തന്ത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉപയോഗപ്പെടുത്താന്‍ ബിജെപി കേന്ദ്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പാളിപ്പോയ തന്ത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉപയോഗപ്പെടുത്താന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ, സ്വര്‍ണ്ണക്കടത്ത് കേസ് വീണുകിട്ടിയ വലിയ അവസരമായാണ് ബിജെപി നേതൃത്വം കാണുന്നത്.
സ്വര്‍ണകള്ളക്കടത്ത് രാജ്യാന്തര വിഷയമായതിനാല്‍ കേരളത്തില്‍ നിന്ന് നേരിട്ട് അന്വേഷണം ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല.
കേസിനെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് അന്വേഷിക്കുന്നുണ്ട്. അദ്ദേഹം തന്നെയാണ് അന്വേഷണ ഏജന്‍സികളെ ഏകോപിപ്പിക്കുന്നത്. കസ്റ്റംസ് മാത്രം അന്വേഷിച്ചാല്‍ ഈ കേസിലെ എല്ലാ കള്ളികളും പുറത്തു കൊണ്ടുവരാന്‍ പറ്റില്ലെന്ന നിഗമനത്തിലാണ് കേന്ദ്രം. അതുകൊണ്ടുതന്നെയാണ് മറ്റ് ഏജന്‍സികളുടെ കൂടി സജീവമായി രംഗത്ത് ഇറക്കുന്നത്.
ഇപ്പോള്‍ തന്നെ കസ്റ്റംസിനെ കൂടാതെ ഇന്റലിജന്‍സ് ബ്യൂറോ യും മറ്റ് ഏജന്‍സികളും കേസിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട.് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നുമാത്രം.
കേരള സര്‍ക്കാരിനെ കുടുക്കാവുന്ന എല്ലാ എല്ലാ ബന്ധങ്ങളും വ്യക്തമായതിനുശേഷം മാത്രമേ ഇതില്‍ പരസ്യ പ്രതികരണം കേന്ദ്രനേതാക്കള്‍ നടത്തൂ. വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി മുരളീധരന്‍ മാത്രമാണ് ഈ കേസിനെക്കുറിച്ച് പ്രതികരിക്കുന്നത്.
കേസന്വേഷണത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതും ബിജെപി നേതൃത്വം അനുഗ്രഹമായാണ് കാണുന്നത്. മാത്രമല്ല മുഖം രക്ഷിക്കാന്‍ വേണ്ടി കേരള മുഖ്യമന്ത്രി നടത്തിയ നാടകമാണ് ഈ കത്ത് അയക്കല്‍ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിനുപകരം ഈ കേസ് സിബിഐക്ക് വിടാന്‍ പിണറായി വിജയന് ആവശ്യപ്പെടാമായിരുന്നു എന്ന് ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രനും ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും പ്രതികരിച്ചു.
ശബരിമല വിഷയം കത്തിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിച്ചുവെങ്കിലും തന്ത്രം പാളി പോയിരുന്നു. അതിനുശേഷം കേരളത്തില്‍ കാര്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ഒന്നുംതന്നെ ബിജെപി നടത്തിയിരുന്നില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതാ കേസിനു സമാനമായി ഇപ്പോള്‍ സ്വപ്നാ സുരേഷ് കേസ് വീണുകിട്ടിയ വലിയ അനുഗ്രഹമായാണ് ബിജെപി നേതൃത്വം കരുതുന്നത്. ഏതുവിധേനയും പരമാവധി നേട്ടം കൊയ്യാനുള്ള അവസരമായ കേസ് മാറ്റണമെന്നാണ് സംസ്ഥാന നേതാക്കള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
Keywords: Kerala, Swapna Suresh, BJP, LDF, Amit Sha
COMMENTS