അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സര്‍ക്കാര്‍ അണ്‍ലോക്ക് 1 പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സര്‍ക്കാര്‍ അണ്‍ലോക്ക് 1 പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ രോഗികളുടെ എണ്ണം 3,04,019 ആയി. മഹാരാഷ്ട്ര തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. 3,717 പുതിയ കേസുകളും 127 മരണങ്ങളുമായി മഹാരാഷ്ട്രയിലെ കേസുകളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നു.
മുംബൈയില്‍ ഇന്ന് 1,366 കേസുകളും 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 55,451 ആയി. ഇതുവരെ 2,044 പേര്‍ മരിച്ചു.
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റെംഡെസിവിര്‍ മരുന്ന് പരീക്ഷണങ്ങള്‍ മഹാരാഷ്ട്ര ആരംഭിക്കും. സംസ്ഥാനത്തെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് ജീവന്‍ രക്ഷിക്കാന്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം 20 മടങ്ങ് ഉയരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പ്രവചനം. ഡല്‍ഹിയില്‍ നിലവില്‍ 34,687 രോഗികളാണുള്ളത്. രോഗം നേരിടുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാവുന്ന സ്ഥിതിയാണ് കാണാനാവുന്നത്. ഇതേസമയം, ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. രോഗവ്യാപനം കടുത്തതോടെ സര്‍ക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ വരെ ഫീല്‍ഡ് ഹോസ്പിറ്റലുകളാക്കി മാറ്റുകയാണ്. മരിക്കുന്നവരെ സംസ്‌കരിക്കുന്നതിനു ശ്മശാനങ്ങള്‍ തികയാതെ വരുന്ന സ്ഥിതിയുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ 'അണ്‍ലോക്ക് 1' പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് രോഗവ്യാപനം കൂടിയിരിക്കുന്നത്. സുരക്ഷാ നിയമങ്ങളും സാമൂഹിക അകലം പാലിക്കലും പലേടത്തും പാളുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 1,47,195 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 49.47 ശതമാനമാണ് രോഗം ഭേദമാവുന്നവരുടെ നിരക്ക്. സജീവമായ കേസുകളെക്കാള്‍ രോഗം ഭേദമാവുന്നവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടുതലാണെന്നതു മാത്രമാണ് ആശ്വാസം.
മഹാമാരിയുടെ തുടര്‍ച്ചയായ സാമ്പത്തിക തകര്‍ച്ച ലോകമെമ്പാടും 395 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 1.12 ബില്ല്യണ്‍ ആയി ഉയരുമെന്ന് യുഎന്‍യു-വൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു.
Keywords: India, Coronavirus, Covid 19, Maharashtra, Worldometer
COMMENTS