ഭോപ്പാല്‍: ചികിത്സാഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത വൃദ്ധനെ മദ്ധ്യപ്രദേശിലെ ഷാജപൂര്‍ സിറ്റി ആശുപത്രിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. ആശുപത്ര...
ഭോപ്പാല്‍: ചികിത്സാഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത വൃദ്ധനെ മദ്ധ്യപ്രദേശിലെ ഷാജപൂര്‍ സിറ്റി ആശുപത്രിയില്‍ കട്ടിലില്‍ കെട്ടിയിട്ടു.
ആശുപത്രി അധികൃതരുടെ ക്രൂരതയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഷാജപൂര്‍ ആസ്ഥാനമായുള്ള ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
80 വയസ്സുള്ള ലക്ഷ്മി നാരായണിനെ പ്രവേശിപ്പിച്ചപ്പോള്‍ മുന്‍കൂറായി 11,000 രൂപ ആശുപത്രി വാങ്ങിയിരുന്നു. വീണ്ടും, 11,000 രൂപ കൂടി അടയ്ക്കാന്‍ ബില്ലു വന്നപ്പോള്‍ നല്കാന്‍ നിവൃത്തിയില്ലായിരുന്നു. ഇതോടെയാണ് കൈയും കാലുമെല്ലാം കെട്ടിയിട്ടതെന്നാണ് മകള്‍ പറയുന്നത്. തനിക്കു ഭക്ഷണവും വെള്ളവും തരുന്നതും തടഞ്ഞുവെന്നും ലക്ഷ്മി നാരായണ്‍ പറയുന്നു.
ബില്ലടയ്ക്കുന്നില്ലെങ്കില്‍ ഇവിടെ കിടന്നോളൂ എന്നു പറഞ്ഞാണ് കെട്ടിയിട്ടതെന്നാണ് ആക്ഷേപം. മാത്രമല്ല, മകളെയും പുറത്തുപോകാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
എന്നാല്‍, സംഭവം വലിയ വാര്‍ത്തയായതോടെ ആശുപത്രി അധികൃതര്‍ കൈകഴുകുകയാണ്. വൃദ്ധന് കടുത്ത അപസ്മാരമുണ്ടെന്നും അതിനാല്‍ സ്വയം മുറിവേല്പിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല, മാനുഷികത പരിഗണിച്ച് ബില്‍ എഴുതിത്തള്ളിയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Summary: An old man, who was not able to pay the treatment, was tied to bed in a hospital in Madhya Pradesh. Massive protests have erupted as news of the brutality of hospital authorities spread on social media. Chief Minister Shivraj Singh Chouhan has said that strict action will be taken against the Shahjapur-based hospital. District medical officials are investigating the incident.
Keywords: Old man, Hospital, Madhya Pradesh, Chief Minister, Shivraj Singh Chouhan, Shahjapur
COMMENTS