അഭിനന്ദ് ന്യൂഡല്‍ഹി: അടുത്ത റൗണ്ട് സൈനികതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയുടെും ചൈനയുടെയും...
അഭിനന്ദ്
ന്യൂഡല്‍ഹി: അടുത്ത റൗണ്ട് സൈനികതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയുടെും ചൈനയുടെയും സൈനികര്‍ പിന്‍വാങ്ങാന്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലെ 'ഹോട്ട് സ്പ്രിംഗ്‌സ്' പ്രദേശത്ത് ബുധനാഴ്ച അടുത്ത റൗണ്ട് സൈനിക ചര്‍ച്ച ആരംഭിക്കും.
വലിയൊരളവ് ചൈനീസ് സൈനികരെ പിന്‍വലിച്ചെങ്കിലും എണ്ണം കൃത്യമായ പറയാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പാന്‍ഗോങ് സോയിലെ ഫിംഗേഴ്‌സ് മേഖലയില്‍ നിന്നൊഴികെ പലേടത്തും ചൈനീസ് സേന രണ്ടു മുതല്‍ മൂന്നു കിലോമീറ്റര്‍ വരെ പിന്നാക്കം പോയിട്ടുണ്ട്.
പട്രോളിംഗ് പോയിന്റ് 14 (ഗാല്‍വാന്‍ ഏരിയ), പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്‌സ് ഏരിയ എന്നിവയുള്‍പ്പെടെ പല കേന്ദ്രങ്ങളിലായി ഇരു സൈന്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഈ ആഴ്ച നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് സേന പിന്‍വാങ്ങിയതിനൊപ്പം ഇതേ സ്ഥലങ്ങളില്‍ മുഖാമുഖം നിന്ന ഇന്ത്യന്‍ സൈനികരും പിന്‍വാങ്ങുന്നുണ്ട്. വാഹനങ്ങള്‍ ഉള്‍പ്പെടെ സൈനിക സന്നാഹങ്ങളും ഇന്ത്യയും പിന്‍വലിക്കാന്‍ തുടങ്ങി.
ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ സൈനിക ടീമുകള്‍ ഇതിനകം ചുഷുലിലെത്തിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ സംഘം മുന്നൊരുക്ക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ചൈനയുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞയാഴ്ച നടത്തിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ചര്‍ച്ച ക്രിയാത്മകമാണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.
ഇരു സേനകളും മുഖാമുഖം നില്‌ക്കെ, ലേ ആസ്ഥാനമായുള്ള 14 കോറിന്റെ ജനറല്‍ ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിനും ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
കൂടിക്കാഴ്ച സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
മെയ് അഞ്ചിനും ആറിനും പാന്‍ഗോങ് തടാക മേഖലയില്‍ ഇരുപക്ഷത്തെയും സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ സംഘര്‍ഷം രൂക്ഷമായിരുന്നു.
പീരങ്കി തോക്കുകള്‍, കാലാള്‍പ്പടയുടെ യുദ്ധ വാഹനങ്ങള്‍, വമ്പന്‍ സൈനിക ഉപകരണങ്ങള്‍ എന്നിവ ചൈനീസ് സൈന്യം എല്‍ എ സിക്ക് സമീപമുള്ള പിന്‍താവളങ്ങളില്‍ വന്‍തോതില്‍ ശേഖരിക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യയും കനത്ത സൈനിക സന്നാഹം ഇവിടെ ഒരുക്കാന്‍ തുടങ്ങിയത്.
ഗാല്‍വാന്‍ താഴ്വരയിലെ ദര്‍ബുക്ക്-ഷായോക്ക്-ദൗലത് ബേഗ് ഓള്‍ഡി റോഡിനെ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡ് നിര്‍മ്മിക്കുന്നതിനൊപ്പം പാംന്‍ഗോങ് സോ തടാകത്തിന് ചുറ്റുമുള്ള ഫിംഗര്‍ പ്രദേശത്ത് ഇന്ത്യ ഒരു പ്രധാന റോഡ് കൂടി നിര്‍മിക്കാനാരംഭിച്ചു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചതും സൈനിക സന്നാഹമൊരുക്കാന്‍ കാരണമായതും.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ശക്തമായ നിലപാടെടുത്തതോടെ ചൈനയും സമ്മര്‍ദ്ദത്തിലായിരുന്നു. പണ്ടത്തെപ്പോലെ ഇന്ത്യയെ വിരട്ടാനാവില്ലെന്ന തിരിച്ചറിവും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.
Keywords: India, China, Army, Ladakh, Troops
COMMENTS