അഭിനന്ദ് ന്യൂഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നുവരുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാ...
അഭിനന്ദ്
ന്യൂഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നുവരുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ മുഖാമുഖം നില്ക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ട്. നന്ദി! പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ മുന്‍ ഓഫറുകള്‍ ന്യൂഡല്‍ഹി നിരാകരിച്ചിരുന്നു.
ലഡാക്കിലെയും വടക്കന്‍ സിക്കിമിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള നിരവധി പ്രദേശങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ മുഖാമുഖം നില്ക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച വൈകുന്നേരം ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ചിരുന്നു. മൂന്ന് സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രതിരോധ ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ലഡാക്കിനടുത്ത് ചൈന ഒരു എയര്‍ബേസ് വികസിപ്പിക്കുകയാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിവാക്കുന്നു. ടര്‍മാക്കിലെ യുദ്ധവിമാനങ്ങളുടെ ക്ലോസ് ഷോട്ടുകള്‍ പോലും വ്യക്തമാണ്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ കൂടുതല്‍ നിരീക്ഷണം ആരംഭിച്ചതും സ്ഥിതി മോശമാകാന്‍ തുടങ്ങിയതും.
സൈനികരുടെ പതിവ് പട്രോളിംഗ് ചൈനീസ് സൈന്യം തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. ചൈനീസ് ഭാഗത്ത് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കടന്നതാണ് ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായതെന്ന ബീജിംഗിന്റെ വാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ തള്ളിക്കളഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആക്രമണ സജ്ജരാകാനും ഏറ്റവും മോശം സാഹചര്യമുണ്ടായാല്‍ പോലും രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്നതിനും സൈനികരോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും നിലപാട് കടുപ്പിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതോടെ, ചൈന അനുരഞ്ജന വഴിയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സ്ഥിതി മൊത്തത്തില്‍ സുരക്ഷിതവും നിയന്ത്രിക്കാവുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഷാവോ പറഞ്ഞു.
തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാക്കടലിലും തായ്വാന്‍ കടലിടുക്കിലും അമേരിക്കന്‍ നാവികസേന പട്രോളിംഗ് നടത്തുന്നതോടെ യുഎസുമായുള്ള ചൈനയുടെ സൈനിക സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും വാഷിംഗ്ടണും ബീജിംഗും കടുത്ത ശീതസമരത്തിലുമാണ്.
Summary: US President Donald Trump has called for mediation in the escalating border dispute between India and China. Trump said this in the face of the confrontation between India and China's armies in the actual line of control.
Keywords: US President, Donald Trump, Border dispute, India, China, Army
COMMENTS