അഭിനന്ദ് ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ 16,000 അടി ഉയരത്തിലുള്ള പിക്കറ്റില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികള്‍ തമ്മില്‍ കയ്യാങ്കളി. ...
അഭിനന്ദ്
ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ 16,000 അടി ഉയരത്തിലുള്ള പിക്കറ്റില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികള്‍ തമ്മില്‍ കയ്യാങ്കളി. 15 മുതല്‍ 20 വരെ സൈനികര്‍ ഇരുപക്ഷത്തുമുണ്ടായിരുന്നു.
വാക്കേറ്റത്തിലാണ് തുടക്കം. പിന്നീട് ഇരു പക്ഷത്തെയും സൈനികര്‍ തമ്മില്‍ ഉന്തും തള്ളും ചെറിയ തോതില്‍ കൈയാങ്കളിയും നടന്നു. ഇതിനു ശേഷം കല്ലേറും നടന്നു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയെച്ചൊല്ലി ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായങ്ങളുള്ള മേഖലയാണിത്. ഇന്നലെ ചൈനീസ് സൈനികര്‍ സൃഷ്ടിച്ച പ്രകോപനത്തിന് ഇന്ത്യയും അതേ ഭാഷയില്‍ മറുപടി കൊടുക്കുകയായിരുന്നു.
സംഭവം മുഴുവന്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
''സംഭവത്തില്‍ ഇരുപക്ഷത്തെയും സൈനികര്‍ക്ക് നിസാര പരിക്കേറ്റു. പ്രാദേശിക തലത്തിലുള്ള സംഭാഷണത്തിനും ആശയവിനിമയത്തിനും ശേഷം ഇരുപക്ഷവും പിരിഞ്ഞുപോയി'', സൈനിക വക്താവ് പറഞ്ഞു.
ഇവിടെ അതിര്‍ത്തി രക്ഷാ സൈനികര്‍ക്കിടയില്‍ ചെറിയ കലഹങ്ങള്‍ പതിവാണ്. ഇത്തരത്തില്‍ ഇരുപക്ഷവും മുഖാമുഖം വന്നാല്‍, നിലവിലെ പ്രോട്ടോക്കോളുകള്‍ പ്രകാരം സൈനികര്‍ പരസ്പരം പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പതിവെന്നും സേനയുടെ പ്രസ്താവനയില്‍ പറയുന്നു.
ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ കിഴക്കന്‍ കരയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ 2017 ഓഗസ്റ്റില്‍ ഇതുപോലെ ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന ഡോക് ലാം പീഠഭൂമിയില്‍ 2017ല്‍ ചൈനയുമായി 73 ദിവസം ഇന്ത്യന്‍ സൈനികര്‍ മുഖാമുഖം നിന്നിരുന്നു.
2018 ല്‍ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഡോക് ലാമിനപ്പുറത്തേയ്ക്കു നീങ്ങാതിരിക്കാന്‍ ധാരണയിലെത്തിയിരുന്നു.
അതിര്‍ത്തിയില്‍ ആക്രമണോത്സുക പട്രോളിംഗ് ഒഴിവാക്കുന്നതിനും ഇൗ ഉച്ചകോടിയില്‍ തീരുമാനമെടുത്തിരുന്നു.
Keywords: Inda, China, Border, Stand off
COMMENTS