വാഷിംഗ്ടണില്‍ നിന്ന് രാഖി എം ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തില്‍ പുതുയുഗം കുറിച്ചുകൊണ്ട്, സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ര...
ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തില്‍ പുതുയുഗം കുറിച്ചുകൊണ്ട്, സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് രണ്ട് യാത്രികരുമായി ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു.
ഒരു സ്വകാര്യ സ്ഥാപനം ബഹിരാകാശ ദൗത്യത്തില്‍ വിജയം കുറിക്കുന്ന ആദ്യ സംഭവവുമാണിത്. ബഹിരാകാശയാത്രികരായ റോബര്‍ട്ട് ബെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരാണ് ബഹിരാകാശത്തേയ്ക്കു കുതിച്ചത്.
രണ്ട് ഘട്ടങ്ങളുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. 19 മണിക്കൂര്‍ യാത്ര ചെയ്ത് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.
2011 ല്‍ ബഹിരാകാശ യാത്രാ പദ്ധതികള്‍ അവസാനിപ്പിച്ചതിനുശേഷം യുഎസ് മണ്ണില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ദൗത്യവുമാണിത്.
എലോണ്‍ മസ്‌ക് സ്ഥാപിച്ചതാണ് സ്‌പേസ് എക്‌സ കമ്പനി.
എനിക്കും സ്പേസ് എക്സിലെ എല്ലാവര്‍ക്കും ഇത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്ന് ദൗത്യ വിജയത്തെക്കുറിച്ച് മസ്‌ക് പറഞ്ഞു.
'ഡെമോ -2' എന്ന് പേരിട്ട ഈ ദൗത്യം ബഹിരാകാശ യാത്രാ രംഗത്തെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുകയും പതിവ് ദൗത്യങ്ങള്‍ക്കായി സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ നാസ അംഗീകരിക്കുന്നതിനും മുമ്പുള്ള അവസാന പരീക്ഷണ പറക്കല്‍ കൂടിയാണിത്.
2000 ല്‍ നാസയില്‍ ചേര്‍ന്ന മുന്‍ മിലിട്ടറി ടെസ്റ്റ് പൈലറ്റുമാരായ ബെന്‍കെന്‍ (49), ഹര്‍ലി (53) എന്നിവര്‍ ഞായറാഴ്ച രാവിലെ 10:29 ന് ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും.
യുഎസ് ബഹിരാകാശയാത്രികന്‍ ക്രിസ് കാസിഡി, റഷ്യന്‍ ബഹിരാകാശയാത്രികരായ അനറ്റോലി ഇവാനിഷിന്‍, ഇവാന്‍ വാഗ്‌നര്‍ എന്നിവരോടൊപ്പം ചേര്‍ന്നായിരിക്കും ബെന്‍കെനും ഹര്‍ലിയും ബഹിരാകാശ നിലയത്തില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുക.
ക്രൂ ഡ്രാഗണ്‍ താഴ്ന്ന ഭ്രമണപഥത്തില്‍ പ്രവേശിച്ചതായും ഭൂമിക്കു മുകളില്‍ 450 കിലോമീറ്റര്‍ എത്തിയെന്നും ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശരിയായ പാതയിലാണെന്നും സ്‌പേസ് എക്‌സ് പറഞ്ഞു. പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് വിക്ഷേപിക്കുന്നതെന്നത് ഭാവിയിലെ ദൗത്യങ്ങള്‍ തീരെ ചെലവുകുറഞ്ഞതാക്കും.
ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ആദ്യ ബൂസ്റ്റര്‍ ഘട്ടം വിക്ഷേപണം കഴിഞ്ഞ് രണ്ടര മിനിറ്റിനുശേഷം കകൃത്യമായി വേര്‍തിരിഞ്ഞ് അറ്റ്‌ലാന്റിക് തീരത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളോട്ടിംഗ് ബാര്‍ജില്‍ പതിച്ചു. രണ്ടാം ഘട്ടവും സുഗമമായി വേര്‍പിരിഞ്ഞു. വിക്ഷേപണം ആദ്യം ബുധനാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥ കാരണം ശനിയാഴ്ചയിലേക്കു മാറ്റുകയായിരുന്നു.
വിക്ഷേപണം കാണാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ ഫ്‌ളോറിഡയിലെത്തിയിരുന്നു. സ്പേസ് എക്സ് സ്ഥാപകന്‍ മസ്‌ക്കിനെ ട്രംപ് പ്രശംസിച്ചു. ബഹിരാകാശത്ത് അമേരിക്കയുടെ ഭാവിയിലേക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന ദിവസമാണിതെന്നും ട്ര്ംപ് പറഞ്ഞു.
2024 ല്‍ യുഎസ് ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും അയക്കാനുള്ള ദൗത്യങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും ട്രംപ് പറഞ്ഞു.
1969 ലെ അപ്പോളോ 11 ന്റെ ചന്ദ്രനിലേക്കുള്ള യാത്രയില്‍ നീല്‍ ആംസ്‌ട്രോംഗും കൂട്ടരും പറന്നുയര്‍ന്ന ലോഞ്ച് പാഡ് 39 എയില്‍ നിന്നാണ് ബെന്‍കനും ഹര്‍ലിയും പറന്നുയര്‍ന്നതും.
ദൗത്യത്തിന് നാല് മണിക്കൂര്‍ മുമ്പ് ബെന്‍കനും ഹര്‍ലിയും സ്പേസ് എക്സ് രൂപകല്‍പ്പന ചെയ്ത സ്പേസ് സ്യൂട്ടുകള്‍ ധരിച്ചു.
ഇരുവരുടെയും ഭാര്യമാര്‍ മുന്‍ ബഹിരാകാശയാത്രികരാണെന്നതും മറ്റൊരു കൗതുകമായി. ഇരുവരും ഭാര്യമാരോട് യാത്ര പറഞ്ഞതിന് ശേഷം മസ്‌ക്കിന്റെ മറ്റ് കമ്പനികളിലൊന്നായ ടെസ്ല നിര്‍മ്മിച്ച ഇലക്ട്രിക് കാറില്‍ ലോഞ്ച് പാഡിലേക്ക് പോയി.
രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ ഇതിനു മുന്‍പ് നടത്തിയിട്ടുള്ള ബെന്‍കെനും ഹര്‍ലിയും രണ്ടാഴ്ചയിലേറെയായി ക്വാറന്റീനിലായിരുന്നു. കോവിഡ് 19നുള്ള പലവിധ പരിശോധനകള്‍ നടത്തി രോഗമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇരുവരെയും ബഹിരാകാശത്ത് ദൗത്യത്തിന് എത്തിച്ചത്.
മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് കുറഞ്ഞ ചെലവില്‍ ബദല്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെ 2002 ല്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്സിന്റെ നിര്‍ണായക നിമിഷമാണ് ക്രൂ ഡ്രാഗണ്‍ ദൗത്യം.
ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതുമുതല്‍ യുഎസ് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് റഷ്യയുടെ സോയൂസ് റോക്കറ്റുകള്‍ വഴിയാണ്.
2012 മുതല്‍ അന്താരാഷ്ട്ര നിലയത്തിലേക്കു വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കുന്ന ചരക്ക് കാപ്സ്യൂള്‍ സ്പേസ് എക്സ് സ്ഥിരമായി അയയ്ക്കുന്നുണ്ട്. ആ പരിചയവും ഈ ദൗത്യത്തിന് പിന്തുണയായി.
വരാനിരിക്കുന്ന ആറ് ബഹിരാകാശ റൗണ്ട് ട്രിപ്പുകള്‍ക്കായി പുനരുപയോഗിക്കാവുന്ന ഡ്രാഗണ്‍ കാപ്‌സ്യൂള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി സ്‌പേസ് എക്‌സിന് നാസ് മൂന്നു ബില്യണ്‍ ഡോളറിലധികം നല്‍കിയിരുന്നു.
Keywords: SpaceX rocket, NASA astronaut, International Space Station, Space travel, Falcon 9 rocket, Robert Behnken, Douglas Hurley, Florida, Kennedy Space Center, Mission commander, Hawthorne, California, Launch Pad 39A
COMMENTS