അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്ക...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇന്നലെ മുഖ്യമന്ത്രിമാരുമായി ആറുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇതോടൊപ്പം ലോക് ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടക്കുമെന്നും പ്രധാനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ഇതു ആദ്യ മൂന്നു ഘട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത്.
രോഗത്തോടൊപ്പം ജീവിക്കുക എന്ന അവസ്ഥയിലേക്കു പോകാന്‍ ജനം തയ്യാറാകണമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാക്കേജ് രാജ്യത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം വരുന്നതായിരിക്കും പുതിയ പാക്കേജ്. പുതിയ പാക്കേജില്‍ ജനങ്ങള്‍ക്കു നേരിട്ടു പണം നല്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത നല്കിയിട്ടില്ല.
കോവിഡ് 19 വ്യാപനം മന്ദഗതിയിലാക്കുന്നതിന് മാര്‍ച്ച് അവസാനത്തോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് മോഡിയുടെ മൂന്നാമത്തെ അഭിസംബോധനയാണ്.
Addressing the nation. https://t.co/Hingkddia3— Narendra Modi (@narendramodi) May 12, 2020
പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ നിന്ന്:
* നാലു മാസം കൊണ്ട് ആഗോളതലത്തില്‍ 42 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 2.45 ലക്ഷത്തിലധികം പേര്‍ മരിച്ചു. ഇന്ത്യയില്‍ പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ഞാന്‍ അനുശോചനം അറിയിക്കുന്നു.
* ഒരു വൈറസ് ആഗോള പ്രതിസന്ധിയിലേക്കു് നയിച്ചു. ആഗോളതലത്തില്‍ കോടികളുടെ ജീവന്‍ അപകടത്തിലാണ്.
ഇത് അസാധാരണ പ്രതിസന്ധിയാണ്.
* തളര്‍ന്നുപോകുകയോ തോല്‍വി സമ്മതിക്കുകയോ ചെയ്യുന്നത് ഒരു വഴിയല്ല. നാം ജീവന്‍ രക്ഷിക്കുകയും ഒരേ സമയം മുന്നോട്ട് പോകുകയും വേണം.
* നാം ജാഗ്രത പാലിക്കുകയും ജീവിക്കാന്‍ നിയമങ്ങള്‍ പാലിക്കുകയും കൂടുതല്‍ മുന്നേറുകയും വേണം. നമ്മള്‍ കൂടുതല്‍ ദൃഢനിശ്ചയമുള്ളവരായിരിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്വാശ്രയത്വം അനിവാര്യമാണ്. സ്വാശ്രയ ഇന്ത്യയാണ് അതിനുള്ള ഏക പോംവഴി.
* നാം ഒരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്നു. ഈ പ്രതിസന്ധിക്ക് ഇന്ത്യയ്ക്ക് ഒരു സന്ദേശമുണ്ട്, ഒരു അവസരമുണ്ട്. ഒരു ഉദാഹരണം പറയാം. പ്രതിസന്ധി തുടങ്ങിയപ്പോള്‍, ഇന്ത്യയില്‍ ഒരു പിപിഇ കിറ്റ് പോലും നിര്‍മ്മിച്ചിട്ടില്ല, എന്‍ -95 മാസ്‌കുകള്‍ വളരെ കുറച്ച് എണ്ണത്തിലാണ് നിര്‍മ്മിച്ചത്. ഇന്ന് ഇന്ത്യയില്‍ രണ്ടു ലക്ഷം പിപിഇകളും രണ്ടു ലക്ഷം എന്‍ -95 കളും ഉത്പാദിപ്പിച്ചിരിക്കുന്നു. ഇതുപോലെ ഇന്ത്യ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റണം.
Keywords: PM, Narendra Modi, Economic Package, Covid 19
COMMENTS