തിരുവനന്തപുരം: കോവിഡ് ടെസ്റ്റു നടത്താതെ വിദേശത്തുനിന്ന് പ്രവാസകളെ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ കേരളം. ഈ നീക്കം വലിയ അപകടം ക്...
തിരുവനന്തപുരം: കോവിഡ് ടെസ്റ്റു നടത്താതെ വിദേശത്തുനിന്ന് പ്രവാസകളെ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ കേരളം. ഈ നീക്കം വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലേക്കു വിദേശത്തുനിന്ന് എത്തുന്നവരെ നേരേ വീട്ടിലേക്ക് അയയ്ക്കില്ല. എല്ലാവരെയും കുറഞ്ഞത് ഏഴു ദിവസം ക്വാറന്റൈനിലാക്കും. ഇതിനു തയ്യാറായി വേണം കേരളത്തിലേക്കു വരേണ്ടത്.
ഏഴാം ദിവസം ഇവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്കു വിടും. വീട്ടിലും അവര്‍ ക്വാറന്റൈനില്‍ ഒരാഴ്ച്ച കഴിയണം. പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആകുരുന്നവരെ ആശുപത്രിയിലേക്കു മാറ്റും.
ക്വാറന്റൈന്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നു വരുന്നവരെയും ക്വാറന്റൈന്‍ ചെയ്യും.
മതിയായ പരിശോധനയില്ലാതെയാണ് പല രാജ്യങ്ങളും പ്രവാസികളെ തിരിച്ചയയ്ക്കുന്നത്. വിമാനത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ അത് വലിയ സമൂഹവ്യാപനത്തിനു കാരണമായേക്കും. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
യാത്ര തിരിക്കും മുമ്പുതന്നെ കോവിഡ് പരിശോധന നടത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി രാജ്യത്തെമ്പാടും രോഗവ്യാപന സാധ്യത കൂട്ടിയേക്കും.
കേരളം സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു ഇളവും അനുവദിക്കില്ല. പ്രവാസികള്‍ തിരിച്ചെത്തെണ്ടേത് അത്യാവശ്യമാണെങ്കിലും കോവിഡ് തടയുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും ആളുകളെത്തിയപ്പോള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അവിടെ പോയി പരിശോധിച്ചിരുന്നു.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേരാണ് എത്തുന്നത്. കേരളത്തിലേക്ക് ആകെ 80,000 പേരെയാണ് കേന്ദ്രം വരാന്‍ അനുവദിക്കുക. അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക കേരളം തയ്യാറാക്കിയപ്പോള്‍ 1,69,130 പേരുണ്ടായിരുന്നു. 4.42 ലക്ഷം പേരാണ് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന മലയാളി പ്രവാസികള്‍.
പ്രവാസികള്‍ എത്തുമ്പോള്‍ വലിയ തോതില്‍ കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഇതിനായി കേരളം രണ്ട് ലക്ഷം കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
ക്വാറന്റൈന്‍ ചെയ്യാനായി രണ്ടരക്ഷം കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.63 ലക്ഷം കിടക്കകള്‍ സജ്ജമാണ്.
ഒഴിഞ്ഞു കിടക്കുന്ന വീടുകളിലും ക്വാറന്റൈന്‍ ചെയ്യും. 45000 പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ കൈവശമുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. ഈ മാസം 60,000 പരിശോധനകള്‍ നടത്തും.
അടുത്ത മാസത്തോടെ വിമാന സര്‍വ്വീസ് എണ്ണം കൂടും. ആഴ്ചയില്‍ അറുപതിനായിരം പ്രവാസികള്‍ വരെ എത്താം. ഒപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലേക്ക് കൂടുതല്‍ വരും.
Keywords: Kerala, Coronavirus, Expatriates
COMMENTS