അഭിനന്ദ് ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പല റൗണ്ട് ചര്‍ച്ചകള്‍ പിന്നണിയില്‍ നടന്നിട്ടും ഫലമില്ലാതെ വന്നതോടെ ചൈന അതിര്‍ത്തി...
അഭിനന്ദ്
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പല റൗണ്ട് ചര്‍ച്ചകള്‍ പിന്നണിയില്‍ നടന്നിട്ടും ഫലമില്ലാതെ വന്നതോടെ ചൈന അതിര്‍ത്തിയില്‍ ഇന്ത്യ വിപുലമായ സൈനിക സന്നാഹമൊരുക്കുന്നു.
ആണവ ശക്തികളായ രാജ്യങ്ങള്‍ മുഖാമുഖം നില്ക്കുന്നത് ലോകത്തിനാകെ ആശങ്ക പകരുന്ന കാര്യമാണ്.
ചൈന ഇതിനകം അയ്യായിരത്തോളം സൈനികരെയും കവചിത വാഹനങ്ങളും അതിര്‍ത്തിയില്‍ നിരത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനീസ് സൈന്യത്തിന്റെ തുടര്‍ച്ചയായ ശല്യം പ്രതിരോധിക്കാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ സമാനമായ സൈനിക സാന്നിദ്ധ്യവും പീരങ്കിയും മറ്റും സജ്ജമാക്കിയതായി പ്രതിരോധ വക്താവ് അറിയിച്ചു.
മെയ് അഞ്ചിന് ടിബറ്റന്‍ പീഠഭൂമിയില്‍ 14,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് സോ തടാകക്കരയില്‍ ഇരു പക്ഷത്തെയും സൈനികര്‍ കൊമ്പുകോര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. കൈയാങ്കളിയില്‍ ഇരുപക്ഷത്തെയും സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം തുടര്‍ച്ചയായി ഇരുപക്ഷവും മുഖാമുഖം വരാന്‍ തുടങ്ങിയതോടെയാണ് സൈനിക സാന്നിദ്ധ്യം കൂട്ടിയത്.
മെയ് 22, 23 തീയതികളില്‍ ഇന്ത്യന്‍, ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ല. 3,488 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ കടന്നുകയറ്റം നടത്താനുള്ള ചൈനയുടെ നീക്കം ഇന്ത്യന്‍ ഭടന്മാര്‍ ചെറുത്തു. 1962 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനു ശേഷം പലവട്ടം ചെറിയ തോതിലുള്ള സംഘര്‍ഷമുണ്ടായിട്ടുണ്ട്.
പ്രശ്‌നത്തില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ത്യ ഈ അഭ്യര്‍ത്ഥന തള്ളി. പ്രശ്‌നം സ്വയം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു.
അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ബീജിംഗ് പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പതിവ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സായുധസേനാ മേധാവികള്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ കര്‍ശനമായ സൈനിക നിലപാട് നിലനിര്‍ത്തിക്കൊണ്ട് നയതന്ത്ര പാതയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.
പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം എസ്. എല്‍. നരംസിംഹന്‍ പറഞ്ഞു. ഇന്ത്യ തങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുകയും അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്കിലെ ഗാല്‍വാന്‍ സെക്ടറില്‍ ഇന്ത്യ റോഡും പാലവും നിര്‍മിച്ചതാണ് ഇന്ത്യയുമായുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇന്ത്യ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതില്‍ ചൈനയ്ക്് അസ്വസ്ഥതയുണ്ട്.
കിഴക്കന്‍ അതിര്‍ത്തിയില്‍ 74 തന്ത്രപ്രധാനമായ റോഡുകള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷം 20 എണ്ണം കൂടി പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ ലഡാക്ക് പ്രവിശ്യയെ കശ്മീരില്‍ നിന്നു വേര്‍പെടുത്തി കേന്ദ്ര ഭരണ പ്രദേശമാക്കിയതും ചൈനയെ ചൊടിപ്പിച്ചു. ഇതു മുതല്‍ അതിര്‍ത്തിയില്‍ ചൈന മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നുണ്ട്. 2017 ലെ ഡോക് ലാം അതിര്‍ത്തി സംഘര്‍ഷത്തിലേതിലും രൂക്ഷമാണ് ഇപ്പോഴത്തെ സ്ഥിതി.
Keywords: INdia, China, Border, Army
COMMENTS