അഭിനന്ദ് ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയുടെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന...
അഭിനന്ദ്
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയുടെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെയും (ഐടിബിപി) അംഗങ്ങളെ മണിക്കൂറുകള്‍ തടഞ്ഞുവച്ചു. പിന്നീട് ഇരുപക്ഷത്തെയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചത്.
അതിര്‍ത്തിയില്‍ ചൈന കുറച്ചു ദിവസങ്ങളായി കുത്തിപ്പൊക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ത്തയാണ് ഈ സംഭവം. നിയന്ത്രണ രേഖയിലെ പാന്‍ഗോങ് തടാകക്കരയിലാണ് സംഭവം.
സംഭവത്തിന്റെ വിശദാംശങ്ങള്‍ സൈനിക നേതൃത്വം പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും വിശദീകരിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സാഹചര്യത്തെക്കുറിച്ച് ദിവസേന സേന വിവരം നല്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പാന്‍ഗോങ് തടാകത്തില്‍ ഇന്ത്യന്‍ പ്രദേശത്തേയ്ക്കു ചൈനീസ് പട്രോളിംഗ് ബോട്ടുകള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ഭടന്മാര്‍ തടഞ്ഞു. ഇതു പിന്നീട് കയ്യാങ്കളിയിലേക്കു നീണ്ടു. ചൈന അസ്വസ്ഥതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇവിടെ വന്‍ സൈനിക സന്നാഹം ഒരുക്കിയിരുന്നു. ഈ സംഘമാണ് ഇന്ത്യന്‍ ഭടന്മാരെ തടഞ്ഞുവച്ചതും ആയുധങ്ങള്‍ പിടിച്ചെടുത്തതും.
ഇപ്പോള്‍ മേഖലയില്‍ കാര്യങ്ങള്‍ അല്‍പ്പം ശാന്തമാണെങ്കിലും പൂര്‍ണമായി സംഘര്‍ഷം ഒഴിഞ്ഞി്ട്ടില്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയും ഇവിടെ കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്. ഇരു പക്ഷത്തിനും ഇപ്പോള്‍ തുല്യ അളവില്‍ സൈനിക സാന്നിധ്യമുണ്ട്. ഇവിടെ ഗാല്‍വന്‍ താഴ് വരയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ ചൈനീസ് പട്ടാളം കൂടാരങ്ങള്‍ കെട്ടിയിട്ടുണ്ട്. 1962 ലെ യുദ്ധകാലത്തെ ഒരു സംഘര്‍ഷമേഖലയാണിത്.
ഗാല്‍വന്‍ പ്രദേശത്ത് ഇന്ത്യ റോഡും പാലവും നിര്‍മ്മിക്കുന്നതില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രാദേശിക ജനതയെ സഹായിക്കുന്നതിനായാണ് റോഡ് നിര്‍മിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രണ രേഖയ്ക്കിപ്പുറമാണെന്നും ഇവിടെ ഇന്ത്യയുടെ സാധാരണ പട്രോളിംഗിനെ പോലും ചൈന തടസ്സപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
Keywords: India, China, Army, Pangong Lake, ITBP
COMMENTS