സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനൊപ്പം മലയാളി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനൊപ്പം മലയാളിയുടെ നെഞ്ചിടിപ്പും ഉയരുന്നു.
കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് സര്‍വശ്രദ്ധയും കൊടുത്തിരിക്കെയാണ് മഴയും എത്തുന്നത്. ചൂടു കാലാവസ്ഥ മാറി തണുപ്പ് എത്തുന്നതോടെ വൈറസ് വ്യാപനത്തിനു സാദ്ധ്യതയും കൂടുകയാണ്.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ കേരളത്തില്‍ എത്തുന്നത് ജൂണ്‍ ഒന്നിനാണ്. ചില കാലങ്ങളില്‍ മാറ്റം വരാറുമുണ്ട്. ഇക്കുറി കാലവര്‍ഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് വെള്ളിയാഴ്ച ഇതെത്തുമെന്നാണ് കണക്കാക്കുന്നത്.
അവിടെവച്ചു തീവ്ര ന്യൂനമര്‍ദമായി മാറാനും തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചുഴലി ഞായറാഴ്ച വരെ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. അവിടെനിന്നു വടക്കുകിഴക്ക് മേഖലയിലേക്കു ദിശ മാറിയേക്കാം.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ 'ഉം പുന്‍' എന്നായിരിക്കും പേരിടുക. തായ് ലന്‍ഡാണ് ഇക്കുറി ചുഴലിക്കു പേരു നിര്‍ദ്ദേശിച്ചിരിക്കുന്ത്.
കേരളത്തില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന വേനല്‍ മഴയും കനക്കാനാണ് സാദ്ധ്യത. ന്യൂനമര്‍ദ്ദം മഴയ്ക്കു കരുത്തുപകരും. കേരളത്തില്‍ പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിച്ചിട്ടുണ്ട്. ഇതു മുന്നില്‍ക്കണ്ട് കേരളം സത്വരമായി തയ്യാറെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.
ഇക്കുറി കാലവര്‍ഷം സാധാരണ നിലയില്‍ പോയാലും ഓഗസ്റ്റില്‍ അതിവര്‍ഷത്തിനു സാദ്ധ്യതയുണ്ട്. കോവിഡ് 19 മഹാമാരിക്കൊപ്പം അതിവര്‍ഷം വലിയ വെല്ലുവിളിയാകും. ദുരന്തനിവാരണ അതോറിറ്റി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
മഴയ്‌ക്കൊപ്പം കോവിഡ് കൂടി പത്തിവിടര്‍ത്തിയാല്‍ രക്ഷയ്ക്കായി 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ബാത്ത് റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളാണ് ഇവയിലുള്ളത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വേറെയും കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക ഇക്കുറി എളുപ്പമാവില്ല. കൊവിഡ് 19 വ്യാപന ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്കം നിമിത്തം ഒഴിപ്പിക്കപ്പെടുന്നവരെ സാമൂഹ്യ അകലം പാലിച്ചു മാത്രമേ താമസിപ്പിക്കാനാവൂ.
ഇതിനായി പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗങ്ങള്‍ ഉള്ളവര്‍ക്കും വേറേ കെട്ടിടം, കൊറോണ രോഗലക്ഷണമുള്ളവര്‍ക്ക് വേറെ താമസ സൗകര്യം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വേണ്ടിയുള്ള താമസസൗകര്യം എന്നിങ്ങനെ നാലായി തിരിച്ചു മാത്രമേ വെള്ളപ്പൊക്കം വന്നാല്‍ താമസിപ്പിക്കാന്‍ കഴിയൂ.
ഇതിനൊപ്പം തന്നെ ഇടുക്കി ഉള്‍പ്പെടെ മിക്കവാറും അണക്കെട്ടുകളും ഇതിനകം തന്നെ 80 ശതമാനത്തിലേറെ നിറഞ്ഞുകിടക്കുകയാണ്. മഴക്കാലം വരുമ്പോള്‍ ഇവയും തുറന്നുവിടേണ്ട സ്ഥിതി വന്നേക്കാം. ഉത്പാദനം പരമാവധി കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടുക്കിയിലടക്കം ജനറേറ്ററുകള്‍ തകരാറിലായതും പ്രതിസന്ധിയുണ്ടാക്കുന്നു.
Summary: Monsoon is likely to arrive on June 5 in Kerala coast, announced of the meteorological department. As the climate becomes colder, the chances of spreading the coronavirus increases. The South West Monsoon usually arrives in Kerala on June 1. Sometimes things change. Meanwhile, the Central Weather Department has said that the depression formed in the Bay of Bengal is strengthening. It is expected to arrive in the central part of the Bay of South Bengal on Friday.
The depression is expected to turn into a severe cyclone by Saturday evening. The cyclone is likely to move to the Tamil Nadu coast till Sunday. Thence to the northeast.
Keywords: Monsoon, Kerala coast, Meteorological department, Coronavirus, The South West Monsoon, Central Weather Department, Bay of South Bengal, Saturday, Tamil Nadu, Northeast
COMMENTS