ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍ പാളത്തില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കു മുകളിലേക്ക് ചരക്ക് ട്രെയിന്‍ പാഞ്ഞു ക...
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍ പാളത്തില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കു മുകളിലേക്ക് ചരക്ക് ട്രെയിന്‍ പാഞ്ഞു കയറിയ സംഭവത്തില്‍ മരണം 16 ആയി.
മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയുള്ള മധ്യപ്രദേശിലെ ഉമരിയ, ഷാഹോല്‍ എന്നിവിടങ്ങളിലേക്ക് റെയില്‍പാളം വഴി നടന്നു പോയ തെഴിലാളികളാണ് യാത്രാക്ഷീണം നിമിത്തം ട്രാക്കില്‍ കിടന്നുറങ്ങിയത്. ലോക് ഡൗണ്‍ നിമിത്തം ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചിരിക്കുന്നുവെന്ന ധാരണയിലാണ് ഇവര്‍ ട്രാക്കില്‍ ഉറങ്ങിയത്. 20 അംഗ സംഘമാണ് നടന്നു നാട്ടിലേക്കു തിരിച്ചത്.
ട്രാക്കില്‍ ആളെ കണ്ട് ലോകോ പൈലറ്റ് ട്രെയിന്‍ നിറുത്താന്‍ ശ്രമിച്ചെങ്കിലും ദൈര്‍ഘ്യമേറിയ ഗുഡ്‌സ് സഡന്‍ ബ്രേക്കിട്ടു നിറുത്താന്‍ കഴിയാതെപോയെ.
കുടിയേറ്റ തൊഴിലാളികളുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഔറംഗബാദ് ജില്ലയിലെ കര്‍മദ് പൊലീസ് സ്റ്റേഷന്‍ പ്രദേശത്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ നന്ദേദ് ഡിവിഷനിലെ ജല്‍നയ്ക്കും ഔറംഗബാദിനും ഇടയിലാണ് അപകടം.
കോവിഡ് 19 ലോക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സ്വന്തം നാടായ മധ്യപ്രദേശിലേക്ക് നടന്നു പോവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ജല്‍നയില്‍ നിന്ന് പുറപ്പെട്ട സംഘം തുടക്കത്തില്‍ റോഡിലും പിന്നീട് ഔറംഗബാദിലേക്കുള്ള ട്രാക്കിലും നടന്നു. ഏകദേശം 36 കിലോമീറ്റര്‍ നടന്നപ്പോള്‍ തളര്‍ന്നു. തുടര്‍ന്ന് കര്‍ണാട്- ബദ്‌നാപൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ വിശ്രമത്തിനായി ഇരുന്നു. അവര്‍ ക്രമേണ ഗാഢനിദ്രയിലേക്ക് പോയി.
പുലര്‍ച്ചെ 5.22 നാണ് ദുരന്തമുണ്ടായതെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കേറ്റവരെ ഔറംഗബാദ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ രാകേഷ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊഴിലാളികളുടെ മരണം അനുശോചനം രേഖപ്പെടുത്തി. നമ്മുടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിനു പണിയെടുക്കുന്ന തൊഴിലാളികളോടു ഭരണകൂടം കാട്ടുന്ന അവജ്ഞയില്‍ നാം ലജ്ജിക്കണം, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
COMMENTS