അഭിനന്ദ് ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടത്തിയ തബലീഗ് സമ്മേളനത്തിനെത്തിയവര്‍ രാജ്യത്ത് പടര്...
അഭിനന്ദ്
ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടത്തിയ തബലീഗ് സമ്മേളനത്തിനെത്തിയവര്‍ രാജ്യത്ത് പടര്‍ത്തിയ കൊറോണ കേസുകളുടെ എണ്ണം 650 കടന്നു.
കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 647 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ലാവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കോവിഡ് 19 കേസുകളുടെ 28 ശതമാനമാണിത്.
14 സംസ്ഥാനങ്ങളിലായാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സമ്മേളനത്തിനു പങ്കെടുത്തവരും അവരുമായി ഇടപഴകിയവരുമായി ഒരു ഡസനോളം ആളുകള്‍ മരിച്ചുകഴിഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വിഗണിച്ച് മാര്‍ച്ചില്‍ നടന്ന തബലീഗി ജമാഅത്തിന്റെ ഡല്‍ഹി ആസ്ഥാനമായ മര്‍കസ് നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 9,000 പങ്കെടുത്തതായി കരുതുന്നു.
സാമൂഹ്യ അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അംഗങ്ങളില്‍ പലരും രാജ്യത്തുടനീളം സഞ്ചരിച്ചതും പകര്‍ച്ചവ്യാധി വ്യാപകമാകാന്‍ കാരണമായി.
തീവ്ര യാഥാസ്ഥിതിക ഗ്രൂപ്പായ തബലീഗി ജമാഅത്ത് ഇസ്ലാം സ്ഥാപിക്കപ്പെടുന്നത് 1926 ലാണ്. ദിയോബന്ദി ഇസ്ലാമിക പണ്ഡിതന് മുഹമ്മദ് ഇല്യാസ് അല്‍ കാണ്ഡ്ലവിയാണ് സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ ചെറുമകന് മൗലാന സാദ് കാണ്ഡ്ലവിയാണ് ഇപ്പോഴത്തെ തലവന്‍.
നിസാമുദ്ദീനിലാണ് സംഘടനയുടെ ആഗോള ആസ്ഥാനം. ഇവിടെ ആറ് നിലകളുള്ള മര്‍കസ് നിസാമുദ്ദീനില്‍ സമ്മേളനത്തിനു വന്നവരെ കുത്തിനിറച്ചു താമസിപ്പിച്ചതാണ് രോഗം പടരാന്‍ കാരണമായത്. മാത്രമല്ല, സാമൂഹ്യ അകലം പാലിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മൗലാന സാദ് അനുചരരെ ഉപദേശിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തബലീഗ് സമ്മേളനത്തിന്റെ ഏറ്റവും വലിയ ആഘാതമുണ്ടായത് തമിഴ്നാട്ടിലാണ്. ഇവിടെ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 411 കോവിഡ് -19 കേസുകളില്‍ 364 എണ്ണവും തബലീഗി സമ്മേളനത്തിനു പോയി വന്നവരും അവരുമായി ഇടപഴകിയവരും വരുത്തിയതാണ്.
ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ 259 പേര് ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഉത്തര്‍പ്രദേശില്‍ 172 പുതിയ പോസിറ്റീവ് കോവിഡ് -19 കേസുകളില്‍ 42 എണ്ണം തബലീഗികളാണ്.
ആന്ധ്രാപ്രദേശിലെ 140 കൊറോണ വൈറസ് കേസുകളില്‍ 108 എണ്ണവും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജസ്ഥാനില്‍ നിന്ന് 23 കേസുകള്‍ പുറത്തുവന്നിട്ടുണ്ട്.
കേരളത്തില്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒന്‍പതു കേസുകളില്‍ മൂന്നെണ്ണം ഈ സമ്മേളനത്തിനു പോയി വന്നവരാണ്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നും തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Summary: The number of corona cases that have spread across the country after the Tabalig meeting in Nizamuddin has reached 650.
Keywords: Corona, Tabalig meeting, Nizamuddin, Delhi, Kerala, Tamilnadu
COMMENTS