സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക വെബ് സൈറ്റ് https://www.register...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക വെബ് സൈറ്റ് https://www.registernorkaroots.org തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ, പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ പേര്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കാതെ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനാവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇതേസമയം തന്നെ, മുന്‍പേ വന്നവര്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതും ഇനി വരാനിരിക്കുന്നവര്‍ക്ക് വിനയായി മാറിയിട്ടുണ്ട്. ഇന്നു തന്നെ വര്‍ക്കലയില്‍ കൊറോണ ബാധിച്ച പ്രവാസി ക്വാറെൈന്റന്‍ നിബന്ധനകള്‍ പാലിക്കാതെ കുടുംബാംഗങ്ങളുടെ ചികിത്സയ്‌ക്കെന്നു പറഞ്ഞ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നാലു തവണയും തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ് എ ടി ആശുപത്രി എന്നിവിടങ്ങളിലും പോയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാള്‍ നാട്ടിലും പലേടത്തും ഇറങ്ങി നടന്നിരുന്നു. ഇപ്പോള്‍ ഇയാള്‍ പോയ വഴി കണ്ടെത്താനാവാതെ വലയുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. സമാനമായ സംഭവങ്ങള്‍ നേരത്തേയും പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഇനി വരുന്നവര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കേരളത്തില്‍ സ്ഥിതി സങ്കീര്‍ണമാവും. ഇതെല്ലാം കണക്കിലെടുത്തായിരിക്കും കൂടുതല്‍ പേരെ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇതേസമയം, മറുനാടുകളില്‍ കുടുങ്ങി ആവശ്യത്തിനു ഭക്ഷണവും വെള്ളവും ചികിത്സാ സൗകര്യവുമില്ലാതെ വിഷമിക്കുന്ന പ്രവാസികളെ ഓര്‍ത്ത് കുടുംബാംഗങ്ങള്‍ നാട്ടില്‍ നെഞ്ചുരുകി കഴിയുകയുമാണ്.
ഇന്നലെ വൈകിട്ട് ആറര മുതലാണ് നോര്‍ക്ക് രജിസ്‌ട്രേഷനു സൗകര്യമൊരുക്കിയത്. അഞ്ചു മണിക്കൂറുകൊണ്ട് 1,00,750 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎഇയില്‍ നിന്നാണ്-45,430. യുഎഇയില്‍ നിന്നു തന്നെ ലക്ഷങ്ങള്‍ തിരിച്ചുവന്നേക്കുമെന്നാണ് കരുതുന്നത്.
ഖത്തറില്‍ നിന്ന് 1,668 പേരും സൗദി അറേബ്യയില്‍ നിന്ന് 11,365 പേരും തിരിച്ചുവരാനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു. അമേരിക്കയില്‍ നിന്ന് 324 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബ്രിട്ടനില്‍ നിന്നു തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 621 പേരാണ്. ഇനിയും ഇൗ രാജ്യങ്ങളില്‍ നിന്നു വരാനുള്ളവരുടെ സംഖ്യ ഉയരുമെന്നു തന്നെയാണ് വ്യക്തമാവുന്നത്.
കണക്കെടുപ്പ് നടക്കുന്നുവെങ്കിലും ഇവരെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള മേയ് മൂന്നിനു ശേഷമേ തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനത്തിനു സാദ്ധ്യതയുള്ളൂ. ഇതേസമയം, കൊറോണ വ്യാപനം പേടിപ്പെടുത്തുന്ന രീതിയില്‍ തുടരുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ അവിടുത്തെ പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുമില്ല. കേരളം മാത്രമാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. മലയാളികളെ മാത്രം തിരിച്ചെത്തിക്കുന്നത് പ്രായോഗികവുമല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
തിരിച്ചുവരുന്നവര്‍ അവര്‍ ഇപ്പോഴുള്ള രാജ്യത്ത് പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ മാത്രമേ വരാന്‍ കഴിയൂ. പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തില്‍ പരിശോധന ഉണ്ടാവും. ഇന്ത്യയിലെത്തിയാല്‍ ഇവിടെയും പരിശോധന നടത്തി ക്വാറന്റൈനില്‍ വിടും.
Summary: More than 100,000 people registered within hours of opening the NORKA website to collect information on expats seeking to return. With this, many more were expected to return. Officials estimate that the expatriates cannot be brought back without adequate preparation.
Keywords: NORKA, Website, Expats, UAE, India
COMMENTS