ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഇന്ത്യയേയും വിറപ്പിക്കുക തന്നെയാണെന്നു വ്യക്തമാക്കി, രാജ്യത്ത് കോവിഡ് മരണസംഖ്യ ആയിരം കടന്നു. ഇന്നു രാവില...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഇന്ത്യയേയും വിറപ്പിക്കുക തന്നെയാണെന്നു വ്യക്തമാക്കി, രാജ്യത്ത് കോവിഡ് മരണസംഖ്യ ആയിരം കടന്നു.
ഇന്നു രാവിലെയോടെ ഔദ്യോഗിക കണക്കനുസരിച്ചു മരണസംഖ്യ 1,007 ആയി. രാജ്യത്ത് ഇതുവരെ 31,332 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പേര്‍ മരിച്ചു, ഒരു ദിവസത്തിലെ മരണങ്ങളുടെ ഏറ്റവും വലിയ വര്‍ധനയാണിത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കേസുകളുടെ എണ്ണവും മരണസംഖ്യയും ഇരട്ടിയായിരിക്കുകയാണ്. അതീവജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.
രാജ്യത്തുടനീളം ഇതുവരെ 7,696 രോഗികള്‍ സുഖം പ്രാപിച്ചു. സുഖം പ്രാപിക്കുന്നവരുടെ നിരക്ക് 24.56 ശതമാനമായി.
കൊറോണ വൈറസ് രോഗികള്‍ക്ക് അണുബാധയുടെ വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ എങ്കില്‍ (പ്രീ-സിംപ്‌റ്റോമിക്) വീട്ടില്‍ ക്വാറെൈന്റന് വിധേയരാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 കേസുകളുടെ ഇരട്ടിക്കല്‍ നിരക്ക് 10.9 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു.
കൊറോണ വൈറസിനായുള്ള പ്ലാസ്മ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഇതൊരു ഫലപ്രദമായ പ്രതിവിധിയാണെന്നു പറയാറായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ വിജയകരമായ പരീക്ഷണത്തിലൂടെ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ കൈവന്നിരുന്നു.
ഡല്‍ഹിയില്‍ സിആര്‍പിഎഫ് ബറ്റാലിയനില്‍ 47 ജവാന്മാര്‍ക്ക് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ജവാന്‍ കഴിഞ്ഞ ദിവസം വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു. ആയിരത്തോളം ജവാന്മാരെ ക്വാറന്റൈന്‍ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ മയൂര്‍ വിഹാറിലെ സിആര്‍പിഎഫിന്റെ 31-ാം ബറ്റാലിയനില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി.
ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 729 പുതിയ കേസുകള്‍ ചൊവ്വാഴ്ച രേഖപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 9,318 ആയി. മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന മരണസംഖ്യ 31 ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണം 400 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 1.55 ലക്ഷത്തോളം ആളുകള്‍ വീടുകളിലും പതിനായിരത്തോളം പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 1,388 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. മുംബയ് നഗരത്തിലെ കൊറോണ കേസുകളുടെ എണ്ണം 6,000 കവിഞ്ഞു.
വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ത്രിപുര കോവിഡ് 19 മുക്തമായ അഞ്ചാമത്തെ സംസ്ഥാനമായി മാറി. സംസ്ഥാനു അവശേഷിച്ച രണ്ട് വൈറസ് ബാധിതരും സുഖപ്പെട്ട് ആശുപത്രി വിട്ടു. കര്‍ശന പരിശോധയും നിയന്ത്രണ നടപടികളുമാണ് ത്രിപുരയ്ക്കു ഗുണമായത്.
തമിഴ്നാട്ടില്‍ സേലം, തിരുപ്പൂര്‍ നഗരങ്ങളില്‍ ''ട്രിപ്പിള്‍ ലോക് ഡൗണ്‍'' ഇന്നലെ രാത്രി അവസാനിച്ചു. സംസ്ഥാനത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം രണ്ടായിരമായി. സംസ്ഥാനത്ത് 25 പേര്‍ മരിച്ചു.
ലോകമെമ്പാടും 31 ലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 2,17, 152 ലക്ഷം പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
Keywords: India, Coronavirus, Covid 19, Maharashtra, Tamilnadu
COMMENTS