സ്ഥിതി ഗുരുതരം, ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നു മുഖ്യമന്ത്രി സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് ഭീകരരൂപം പുറത്തെടുക്ക...
സ്ഥിതി ഗുരുതരം, ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നു മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍തിരുവനന്തപുരം: കൊറോണ വൈറസ് ഭീകരരൂപം പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഇന്നു മാത്രം 39 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്ഥിതി ഗുരുതരമാണെന്നും ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇത്രയും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്.
കേരളത്തില്‍ 164 പേരാണ് ചികിത്സയിലുള്ളത്. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയില്‍ നിന്ന് ഒഴിഞ്ഞുനിന്ന കൊല്ലം ജില്ലയിലും കോവിഡ് 19 എത്തിയിരിക്കുകയാണ്.
കാസര്‍കോട്ട് ഇതുവരെ 80 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും പലേടത്തും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വരും ദിവസങ്ങള്‍ ആശങ്ക കൂട്ടുന്നതാണ്.
ആകെ 1,10,299 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേര് ആശുപത്രികളിലുണ്ട്. 5679 സാംപിളുകള്‍ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതില്‍ 4448 ഫലങ്ങള്‍ നെഗറ്റീവാണ്.
ഗള്‍ഫില്‍ നിന്നു വരുന്നവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരും കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തൊണ്ടവേദന, പനി, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണം.
അതിര്‍ത്തി റോഡുകള്‍ കര്‍ണാടകം മണ്ണിട്ട് തടസപ്പെടുത്തുകയാണ്. ഇതു കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമാണ്. കാസര്‍കോട്ടെ രോഗികള്‍ക്ക് കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കൂര്‍ഗിലേക്കു പോകുന്ന വഴി കര്‍ണാടകം പൂര്‍ണമായും അടച്ചു. ഇക്കാര്യം കര്‍ണാടകവുമായി ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയേയും ഇക്കാര്യം അറിയിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
* കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കൊറോണ ആശുപത്രിയാക്കി മാറ്റും.
* ക്യൂബയില്‍ നിന്നുള്ള മരുന്ന് പരീക്ഷിക്കുന്നതിനും റാപ്പിഡ് ടെസ്റ്റ് നടത്താനുമുള്ള അനുമതി കേന്ദ്രത്തോടു തേടും.
* കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും.
* സത്യവാങ്മൂലം നല്കി പുറത്തിറങ്ങാന്‍ അനുമതി നല്‍കും. ഇക്കാര്യത്തില്‍ കബളിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് അടയ്ക്കേണ്ട നീട്ടും.
* സ്വര്‍ണ്ണ പണയ ലേലം നിര്‍ത്തും.
* ബാറുകളും ബിവറേജസും അടച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സ നല്‍കും. * 'വിമുക്തി' ലഹരിവിരുദ്ധ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും.
COMMENTS