സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രോഗബാധിതരെല്ലാം ഗള്‍ഫില്‍ നിന്നു വന്നവരാണ്. ആറുപേര്‍ കാസര്‍കോട്ടുകാരാണ്. കൊച്ചിയിലും കണ്ണൂരിലുമായി മൂന്നു വീതം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 52 ആയിരിക്കുകയാണ്.
കാസര്‍കോട്ട് ഇന്നു രോഗം സ്ഥിരീകരിച്ച ആറു പുരുഷന്മാരും ദുബായില്‍നിന്ന് വന്നവരാണ്. ഇവരില്‍ രണ്ടു പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് നാലുപേരെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം അമ്പതിനായിരം കടന്നു. 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 228 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളിലും മറ്റുള്ളവര്‍ വീടുകളിമുണ്.
70 പേരെയാണ് ഇന്ന് മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2566 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ രോഗബാധ ഒഴിവാക്കാനുള്ള തീവ്രശ്രമത്തില്‍ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മതനേതാക്കള്‍ ഒരുമടിയുമില്ലാതെയാണ് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചത്. ഇതേസമയം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും നല്‍കാത്തവരും സമൂഹത്തിലുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ചില ആരാധനാലയങ്ങളില്‍ എത്തിച്ചേര്‍ന്ന സംഭവങ്ങളുണ്ട്. ഇത് ആവര്‍ത്തിക്കരുതെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരുത്തരവാദപരമായി പെരുമാറുന്നതിന്റെ വലിയ ദൃഷ്ടാന്തം കാസര്‍കോട് നാം അനുഭവിക്കുകയാണ്. രോഗബാധിതന്‍ തന്നിഷ്ടപ്രകാരം നാടാകെ സഞ്ചരിച്ചു. കൗണ്‍സലിംഗ് നടത്തിയ ശേഷം അയാളില്‍ നിന്നു ശേഖരിച്ച വിവരത്തിലും അവ്യക്തതയും ദുരൂഹതയുമുണ്ട്.
ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിന് വിപത്തുണ്ടാക്കുന്നവരെ ന്യായീകരിക്കുകയോ അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയോ മാധ്യമങ്ങള്‍ ചെയ്യരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ക്രമീകരണങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ്. അവ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കും. സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഉറക്കമൊഴിച്ചിരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം.
രോഗബാധ സംശയിക്കുന്നവരുടെ വീട്ടില്‍ കൂടുതല്‍ അംഗങ്ങളുള്ളവര്‍ വീട്ടിലേക്ക് പോകാതെ പ്രത്യേക കേന്ദ്രത്തില്‍ ജീവിക്കുക.
സംസ്ഥാനത്ത് രോഗ നിര്‍ണയ സംവിധാനം വിപുലമാക്കും.
അവശ്യ സേവനങ്ങള്‍ ഉറപ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ചരക്കുവണ്ടികള്‍ തടയില്ലെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം തടയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. അതില്‍ ആശങ്കയുണ്ട്. ഭക്ഷണ സാധനങ്ങള്‍ എല്ലായിടത്തും സ്റ്റോക്കുണ്ട്.
ദീര്‍ഘദൂര യാത്രകള്‍ എല്ലാവരും ഒഴിവാക്കണം. വിദേശത്തുനിന്ന് എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഡിക്ലറേഷനില്‍ ഒപ്പിട്ടേ തീരൂ. ഇല്ലെങ്കില്‍ കടുത്ത നടപടിയെടുക്കും. കരുതലില്‍ നിന്ന് ഒഴിവാകാനാണ് ചിലരുടെ ശ്രമം.
നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ രോഗവ്യാപനം തടയുന്നതിനുള്ള പ്രചരണമല്ലാതെ മറ്റൊരു അജന്‍ഡയും വയ്ക്കരുത്.
ബാങ്കുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ എ ടി എമ്മില്‍ പണമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Corona, Covid 19, Pinarayi Vijayan, Kerala
COMMENTS