സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ഒന്‍പതംഗ ബെഞ്ച് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.അഞ്ചംഗ ബെഞ്ച് നേരത്തേ ഉന്നയിച്ച നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളില്‍ മാത്രമായിരിക്കും വാദം. ഈ വിഷയത്തിലെ വാദം പൂര്‍ത്തിയാകന്നതോടെ യുവതീപ്രവേശന കാര്യത്തില്‍ തീരുമാനമാകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.
മതസ്വാതന്ത്ര്യം ഭരണഘടനയുമായി ബന്ധപ്പെടുത്താന്‍ കഴിയുമോ എന്നതാവും വാദം കേള്‍ക്കുന്നവയിലെ പ്രധാന ചോദ്യം. മുസ്ലിം വനിതകളുടെ പള്ളിപ്രവേശം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, ദാവൂദി ബോറ വിഭാഗം സ്ത്രീകളെ ചേലാകര്‍മത്തിനരയാക്കുന്നത് തുടങ്ങിയ വിഷയങ്ങളും ഇതിനൊപ്പം ഒന്‍പതംഗ ബെഞ്ച് പരിഗണിക്കും.
ബഹുഭാര്യത്വം ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യം ഈ ബെഞ്ച് സ്വീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസില്‍ പുതുതായി ആരെയും കക്ഷി ചേര്‍ക്കില്ല. കക്ഷി ചേര്‍ക്കണമെന്ന സ്വാമി അഗ്‌നിവേശിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചു.
വാദം ആപംഭിക്കുന്നതിനു മുന്നോടിയായി എല്ലാ കക്ഷികളുടെയും അഭിഭാഷകരുടെ യോഗം മൂന്നാഴ്ചയ്ക്കകം വിളിക്കാന്‍ സെക്രട്ടറി ജനറലിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. ഇന്ദിര ജയ്‌സിംഗ്, അഭിഷേക് മനു സിംഗ് വി, രാജീവ് ധവാന്‍, സി.എസ്.വൈദ്യനാഥന്‍ എന്നീ സീനിയര്‍ അഭിഭാഷകരുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച.
ഏതൊക്കെ വിഷയങ്ങളില്‍ ആരൊക്കെ വാദിക്കണമെന്നു യോഗം തീരുമാനിക്കും. ഒരേ വിഷയം ഒന്നിലധികം കക്ഷികള്‍ ഉന്നയിക്കാനും അനുവദിക്കില്ല.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച വേളയിലാണ് നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നത്.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ചോദ്യങ്ങള്‍ വിശാല ബെഞ്ചിന്റെ പരിഗണനക്കു വിട്ടത്. ഈ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ സ്ത്രീ പ്രവേശം അനുവദിച്ച വിധി പുനഃപരിശോധന സംബന്ധിച്ച ഹര്‍ജികള്‍ നിലനിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.
Keywords: Sabarimala, Lord Ayyapppa, Supreme Court
COMMENTS