ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വി.സി ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് ...
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വി.സി ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം.
സമരം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. പിന്നീട് വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തു നീക്കി. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് വലിച്ചിഴച്ച് ബസ്സുകളില്‍ കയറ്റി കൊണ്ടുപോയി. സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ശരദ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാമൂഹ്യ സംഘടനകളും മണ്ഡി ഹൗസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സംബന്ധിച്ചു. വിസിയെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രപതിക്കു മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതിനായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്.
കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാത്രം നിലകൊള്ളുന്ന ജഗദീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപക യൂണിയന്‍ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഈ വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെയാണ് ചര്‍ച്ച പൊളിഞ്ഞതും വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ച് നടത്തിയതും.
വിസി രാജിവയ്ക്കും വരെ സമരം തുടരുമെന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു.
ഈ മാസം അഞ്ചിന് കാമ്പസില്‍ നടന്ന ആക്രമണത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
തന്നെ വധിക്കാനാണ് കാമ്പസിലെത്തിയ സംഘം ശ്രമിച്ചതെന്ന് ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഈ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ആക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു.
എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ഡല്‍ഹി പൊലീസ് പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു പൊലീസിനു മേല്‍ ഒരു നിയന്ത്രണവും നിയമപ്രകാരമില്ല.
Keywords: JNU, Rashtrapati Bhavan, India, Students Strike
COMMENTS