India: 340/6 (50.0 OV) Australia: 304/10 (49.1 OV) രാജ്‌കോട്ട് : കിട്ടിയ അടിക്ക് അതേ നാണയത്തില്‍ കങ്കാരുക്കള്‍ക്കു തിരിച്ചടി കൊടുത്...
India: 340/6 (50.0 OV) Australia: 304/10 (49.1 OV)
രാജ്‌കോട്ട് : കിട്ടിയ അടിക്ക് അതേ നാണയത്തില്‍ കങ്കാരുക്കള്‍ക്കു തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ വിജയഗാഥ. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ 36 റണ്‍സിന്റെ വിജയം കുറിച്ചിരിക്കുന്നത്.ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ കളിക്കാരെ ഓസ്‌ട്രേലിയ ശിശുക്കളെപ്പോലെ കൈകാര്യം ചെയ്‌തെങ്കില്‍ ഇക്കുറി അതിലും വലിയ തിരിച്ചടി നല്കിയിരിക്കുകയാണ് വിരാട് കോലിയും കൂട്ടരും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 341 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. പിന്തുടരാനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ചു പന്ത് ബാക്കി നില്‍ക്കെ 304 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (15) പെട്ടെന്നു പുറത്തായതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയായിരുന്നു. തുടര്‍ന്ന് ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും പെട്ടെന്നുതന്നെ വീണുപോയി. പിന്നെ ഓസ്‌ട്രേലിയന്‍ നിരയില്‍ തുടര്‍ പതനങ്ങളായിരുന്നു.
മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയച്ചത് തെറ്റായിപ്പോയെന്നു തുടക്കത്തിലേ ഓസ്‌ട്രേലിയയ്ക്കു മനസ്സിലായി. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സ് നേടി. 14ാം ഓവറിന്റെ മൂന്നാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് രോഹിത് പുറത്തായത്. 44 പന്തില്‍ 42 റണ്‍സെടുത്തിരുന്നു രോഹിത്.
തുടര്‍ന്നെത്തിയ ക്യാപ്ടന്‍ വിരാട് കോലി നല്ല പിന്തുണ നല്‍കിയതോടെ ധവാന്‍ അപകടകാരിയായി മാറി. കോലി ശ്രദ്ധയോടെ കളിച്ചു. കൂട്ടുകെട്ട് നൂറ് കടന്നതിനു പിന്നാലെ, 90 പന്തില്‍ 96 റണ്‍സെടുത്ത് ധധവാന്‍ വീണു. 13 ഫോറും ഒരു സിക്‌സും നിറം ചാര്‍ത്തിയതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്.
തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നെയായിരുന്നു കളി. ബാറ്റിംഗ് ഓഡറില്‍ താഴേക്കിറങ്ങിയ കെ.എല്‍. രാഹുല്‍ ഒന്നൊന്നര കളിയാണ് കാഴ്ചവച്ചത്. ഈ കൂട്ടുകെട്ട് അടിച്ചുതകര്‍ക്കവേ, ടീം സ്‌കോര്‍ 276 ല്‍ നില്‍ക്കെ റിച്ചാര്‍ഡ്‌സണെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച കോ്ലി ബൗണ്ടറി ലൈനില്‍ സ്റ്റാര്‍ക്കിനു പിടികൊടുത്തു പുറത്തായി.
മനീഷ് പാണ്ഡെ രണ്ടു റണ്‍സ് മാത്രമെടുത്തു മടങ്ങി. 52 പന്തില്‍നിന്ന് മൂന്ന് ഗംഭീര സിക്‌സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ 80 അടിച്ചു കൂട്ടി രാഹുല്‍ മടങ്ങി.
ഏഴാമനായെത്തിയ രവീന്ദ്ര ജഡേജ 16 പന്തില്‍ 20 റണ്‍സെടുത്തു. മുഹമ്മദ് ഷമി ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ആദം സാംപ മൂന്നു വിക്കറ്റും കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ടും വിക്കറ്റും വീഴ്ത്തി.
Keywords: India, Australia, One day, Cricket
COMMENTS