തിരുവനന്തപുരം: രാത്രിയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്...
തിരുവനന്തപുരം: രാത്രിയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാധാകൃഷ്ണനെ പ്രസ് ക്‌ളബ് ഓഫീസില്‍ നിന്നാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയത്. ഇന്നു രാവിലെ മുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഒഫ് വിമന്‍ ഇന്‍ മീഡിയ പ്രസ് ക്‌ളബ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് എത്തി അറസ്റ്റു ചെയ്തത്.
അറസ്റ്റിലായി പുറത്തേയ്ക്കു വന്ന രാധാകൃഷ്ണനു നേരേ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൂക്കിവിളിച്ചുകൊണ്ട് ജീപ്പുവരെ പോവുകയും ചെയ്തു. രാവിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്‌ളബ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിക്കുകയും മേശപ്പുറത്ത് ചാണകവെള്ളം കുപ്പിയിലാക്കി വയ്ക്കുകയും ചെയ്തിരുന്നു.
കേരള കൗമുദിയില്‍ പ്രൂഫ് റീഡറായ രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നാണ് കേസ്. രാധാകൃഷ്ണനെതിരെ ശനിയാഴ്ച മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാനായി കന്റോണ്‍മെന്റ് പൊലീസ് പ്രസ് ക്ലബിലെത്തിയിരുന്നെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്ത പേട്ട പൊലീസ് തന്നെ എത്തണമെന്നു വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നു.
ഇതോടെയാണ് പേട്ട പൊലീസ് തന്നെ പ്രസ് ക്ലബിലെത്തി അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് അറസ്റ്റിനിടെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറയുകയുണ്ടായി.
വനിതകളുടെ പ്രതിഷേധത്തിനിടെ രാവിലെ പ്രസ് ക്ലബ് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റി നിര്‍ത്താനും തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തില്‍ വനിതകള്‍ തൃപ്തരായില്ല. ഇതോടെയാണ് രാധാകൃഷ്ണന്റെ അറസ്റ്റിനു പൊലീസ് തയ്യാറായത്. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയെങ്കിലും ഇയാളെ പ്രസ് ക്‌ളബ് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതകള്‍ പ്രതിഷേധം തുടരുകയാണ്.
Keywords: Trivandrym Press Club, M Radhakrishnan
COMMENTS