സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ കൂടുതല്‍ മദ്യം ഒഴുകാന്‍ വഴി തുറന്നുകൊണ്ട്, മാസങ്ങള്‍ക്കുള്ളില്‍ പബ്ബുകളും മൈക്രോ ബ്രൂവറി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ കൂടുതല്‍ മദ്യം ഒഴുകാന്‍ വഴി തുറന്നുകൊണ്ട്, മാസങ്ങള്‍ക്കുള്ളില്‍ പബ്ബുകളും മൈക്രോ ബ്രൂവറികളും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
വന്‍കിട നിര്‍മാണത്തിനു പകരമായി ചെറിയ തോതില്‍ ബിയര്‍ ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് മൈക്രോ ബ്രൂവറി. 1970കളില്‍ അമേരിക്കയിലും ബ്രിട്ടനിലുമൊക്കെയാണ് മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വന്തം സ്്ഥാപനത്തിന്റെ ബ്രാന്‍ഡില്‍ ഗുണമേന്മയുള്ള ബിയര്‍ നിര്‍മിച്ചു വില്ക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. മാത്രമല്ല, നിര്‍മിക്കുന്നയിടത്തു തന്നെ വില്ക്കുന്നതിനാല്‍ വിലയും താരതമ്യേന കുറവാണ്.എന്നാല്‍, കേരളത്തില്‍ ഈ സംവിധാനം പറിച്ചുനടുമ്പോള്‍ ഗുണമേന്മ ഉള്‍പ്പെടെ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നു കുടിച്ചു തന്നെ അറിയേണ്ടിയിരിക്കുന്നു!
മൈക്രോ ബ്രൂവറികള്‍ ആകാമെന്നു എക്‌സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ് രണ്ടുവര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തിനു യോജിച്ചതല്ലെന്നുള്ള മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നു നടപ്പാക്കേണ്ടെന്നു തീരുമാനിച്ചു.
പുതുക്കിയ മദ്യനയത്തില്‍ മൈക്രോ ബ്രൂവറി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പബ്ബുകളും മൈക്രോ ബ്രൂവറികളും അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ഐ.ടി മേഘലയില്‍ നിന്നടക്കം നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
2016ല്‍ മൈക്രോ ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 10 ഹോട്ടല്‍ ഉടമകള്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ സമീപിച്ചിരുന്നു. ഇതിനെ കുറിച്ചു പഠനം നടത്താന്‍ എക്‌സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ബംഗളൂരുവിലെ മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ച് സിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കിയിരുന്നു.
മൈക്രോ ബ്രൂവറി അനുവദിക്കണമെങ്കില്‍ ഇപ്പോഴുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇങ്ങനെ നിയമം ഭേദഗതി ചെയ്തായിരുന്നു കര്‍ണാടക സര്‍ക്കാര്‍ മൈക്രോ ബ്രൂവറികള്‍ അനുവദിച്ചത്. നാലു കോടി രൂപയോളമാണ് ഒരു മൈക്രോ ബ്രൂവറിക്കു ചെലവ്. ഇത്രയും മുടക്കിയാല്‍ അതിനനുസരിച്ചു വില്പന നടക്കുമോ എന്ന ആശങ്ക ഇപ്പോള്‍ ഹോട്ടലുടമകള്‍ക്കുണ്ട്. അതുകൊണ്ട് മന്ത്രിയെ സമീപിച്ച പലരും ഇപ്പോള്‍ മടിക്കുന്നുണ്ട്.
സംസ്ഥാനത്ത് പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.
ഐടിമേഖലയില്‍ നിന്നുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് പബുകള്‍ അനുവദിക്കുന്നതെന്നാണ് വിശദീകരണം. പബ്ബുകള്‍ വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും.
പബ്ബുകള്‍ തുറക്കുന്നതില്‍ എല്‍.ഡി.എഫ് കക്ഷികള്‍ക്കും എതിര്‍പ്പുകളില്ല. പബ്ബുകളും ബ്രൂവറികളും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഐ.ടി മേഖലയില്‍ നിന്നു ചിലര്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു.
വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഈ ആവശ്യം ഉയരുന്നുണ്ട്. ഇടയ്ക്കു പദ്ധതിയിട്ട ശേഷം, എതിര്‍പ്പിനെ തുടര്‍ന്നു വേണ്ടെന്നുവച്ച മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂല നിലപാടെടുകക്കുമെന്നാണ് അറിയുന്നത്.
ഉടന്‍ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ കള്ളുഷാപ്പുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുമെന്നും അറിയുന്നു. 5171 കള്ളുഷാപ്പുകളാണ് കേരളത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 924 എണ്ണം ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കള്ളുഷാപ്പുകള്‍ വില്പനയ്ക്കു വയ്ക്കുന്നത്. പുതുക്കിയ കള്ളുഷാപ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങളും അനുവദിക്കും.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തള്ളിക്കൊണ്ട് 2017 ജൂണ്‍ ഒന്‍പതിനാണ് എല്‍ ഡിഎഫ് സര്‍ക്കാര്‍ അവരുടെ മദ്യനയം പ്രഖ്യാപിച്ചത്. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്ക് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതും അങ്ങനെയാണ്. അതിലാണ് വീണ്ടും തിരുത്തല്‍ വരുത്തി പബ് ഉള്‍പ്പെടെ അനുവദിക്കുന്നത്.
Keywords: Kerala, Pub, Bar, Liquor Policy, Bar Licence, Excise
COMMENTS