മഞ്ഞിനപ്പുറം/ എസ് ജഗദീഷ് ബാബു മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ വീട് ധനമന്ത്രി ടിഎം തോമസ് ഐസക് സന്ദര്‍ശ...
മഞ്ഞിനപ്പുറം/ എസ് ജഗദീഷ് ബാബു
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ വീട് ധനമന്ത്രി ടിഎം തോമസ് ഐസക് സന്ദര്‍ശിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അദ്ദേഹത്തോട് ഒരേസമയം സഹതാപവും അനുകമ്പയും തോന്നുന്നു. ഇന്നലെകളുടെ ഓര്‍മകള്‍ ഐസക്കിനുണ്ടാകുമോ എന്തോ...ഓര്‍മകളുടെ പഴയൊരു കാലം. അന്ന് ഇന്നത്തെ ധനമന്ത്രി കാര്യവട്ടത്ത് റിസര്‍ച് ചെയ്യുകയാണ്. ഞാന്‍ അന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐയുടെ മാഗസിന്‍ എഡിറ്ററും. കോളേജ് മാഗസിനൊപ്പം എല്ലാ മാസവും ഒരു പ്രത്യേക പതിപ്പു കൂടി ഇറക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.
മനസ്സിലും രക്തത്തിലും വിപ്‌ളവം ജ്വലിച്ചുനിന്ന കാലം. മാസികയ്ക്ക് ആമുഖം എന്നു പേരിട്ടു. എഴുതിയിരുന്നത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അന്നത്തെയും ഇന്നത്തെയും ഏറ്റവും മികച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ കൂടിയായ പ്രൊഫ. ബി രാജീവന്‍, ആറ്റൂര്‍ രവിവര്‍മ, സച്ചിദാനന്ദന്‍ തുടങ്ങി വലിയൊരു നിര എഴുതിയിരുന്നു ആമുഖത്തിന്റെ ആദ്യ പതിപ്പില്‍.
ആദ്യ പതിപ്പ് പുറത്തിറക്കുന്നത് പശ്ചിമ ബംഗാളിലെ ധനമന്ത്രിയായിരുന്ന അശോക് മിത്ര. ആദ്യ പ്രതി ഏറ്റു വാങ്ങുന്നത് ഡോ. അയ്യപ്പപ്പണിക്കര്‍. ഞങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു.
മാസികയില്‍ എഡിറ്റോറിയലിന്റെ സ്ഥാനത്തു രണ്ടു കവിതകളായിരുന്നു, നെരൂദയുടെയും ബ്രഹ്തിന്റെയും കവിതകള്‍.
ഗ്രാമത്തില്‍ ഒരനീതിയുണ്ടായാല്‍
സന്ധ്യയ്ക്കു മുന്‍പേ അവിടെ
ഒരു കലാപം നടക്കണം
അല്ലെങ്കിലോ, ആ ഗ്രാമം
കത്തിച്ചാമ്പലാവുകയാണ് നല്ലത്....
എന്നിങ്ങനെ വരുന്നതായിരുന്നു ഒരു എഡിറ്റോറിയല്‍ കവിത.
മാസിക ലേ ഔട്ട് ജോലികള്‍ പൂര്‍ത്തിയായിരിക്കെ, തോമസ് ഐസക് വന്നു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് വന്നത്.
അദ്ദേഹത്തിന് മാസികയുടെ ലേ ഔട്ട് ചെയ്ത കോപ്പി കൊടുക്കണം. അദ്ദേഹം വായിച്ച ശേഷമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. പാര്‍ട്ടി നിര്‍ദ്ദേശമല്ലേ. കോപ്പി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് ഐസക് തിരിച്ചുവന്നു.
അദ്ദേഹം എന്നോടു ചോദിച്ചു, ഈ ബി രാജീവനൊക്കെ നക്‌സലാണെന്ന് അറിയില്ലേ. ഇതില്‍ എഴുതിവച്ചിരിക്കുന്നതെല്ലാം വിപ്‌ളവസാഹിത്യമാണ്! ഈ മാസിക പുറത്തിറക്കാന്‍ പാടില്ല.
ഞാന്‍ പറഞ്ഞു, സാദ്ധ്യമല്ല സഖാവേ. നെരൂദയുടെയും ബ്രഹ്തിന്റെയും കവിതയില്‍ തീവ്രവാദഛായ കണ്ട നിങ്ങളോട് ഒന്നും പറയാനില്ല. ഇതില്‍ അതിരുവിട്ട വിപ്‌ളവമൊന്നും ഞങ്ങള്‍ കാണുന്നില്ല. കാലത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കേണ്ടത് എസ് എഫ് ഐക്കാരന്റെ ചുമതലയല്ലേ. ഇതു ഞങ്ങള്‍ പുറത്തിറക്കുക തന്നെയാണ്. മാത്രമല്ല, അശോക് മിത്രയെ ഉള്‍പ്പെടെ ക്ഷണിച്ചിട്ടുമുണ്ട്.
എന്തുതന്നെയായാലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നു തന്നെയായി തോമസ് ഐസക്. തീരുമാനം മാറ്റില്ലെന്നു ഞങ്ങളും. ഒടുവില്‍ യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിലെ കുടപ്പനകളുടെ ചുവട്ടില്‍ സ്റ്റേജ് കെട്ടി ആഘോഷമായി തന്നെ ആമുഖം പുറത്തിറക്കി.
നടന്ന കാര്യങ്ങള്‍ ഞാന്‍ അയ്യപ്പപ്പണിക്കര്‍ സാറിനോടു പറഞ്ഞു. അന്ന് അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്‌ളീഷ് മേധാവിയാണ്. ഇതെല്ലാം അദ്ദേഹം അശോക് മിത്രയോടു വിശദീകരിച്ചു. അശോക് മിത്ര ചിരിച്ചുതള്ളിയതേയുള്ളൂ. അയ്യപ്പപ്പണിക്കര്‍ ഒരു നിമിഷ കവിത ചൊല്ലിക്കൊണ്ടാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്. ആ കവിത ഏതാണ്ട് ഇങ്ങനെയയായിരുന്നു...
എന്തേ നമ്മുടെ ആചാരം
എന്തെല്ലാം സദാചാരം
... എല്ലാം നമുക്കു ചാരം
പക്ഷേ, ആമുഖം പിന്നെ ഇറങ്ങിയില്ല. അത് ആമുഖം മാത്രമായി അവേശഷിച്ചു. അതിന്റെ കാരണങ്ങള്‍ പറേണ്ടതില്ലല്ലോ.
ഈ സംഭവകാലത്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു, പ്രസിഡന്റ് എം എ ബേബിയും. നാലു പതിറ്റാണ്ടുകൊണ്ട് തോമസ് ഐസക്കിനു വന്ന തീരെ ചെറിയൊരു മാറ്റമാണ് പാതിരാത്രിയില്‍ പൊലീസ് വീട് റെയ്ഡു ചെയ്ത് അമ്മയുടെ മുന്നില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയുടെ വീടുവരെ പോകാന്‍ തോന്നിയത്. ബേബിയാകട്ടെ, ഈ സംഭവത്തില്‍ പ്രതിഷേധിച്ചിരിക്കുന്നു. വിദേശത്തായതുകൊണ്ടോ എന്തോ, കോടിയേരി സഖാവ് ഇതുവരെ പ്രതികരിച്ചു കണ്ടില്ല.
കാലം അങ്ങനെയാണ്. അത് നെരൂദയേയും ബ്രെഹ്തിനെയും ബി രാജീവനെയും അയ്യപ്പപ്പണിക്കരെയുമെല്ലാം എന്നും ആവശ്യപ്പെടുന്നു. അതിന്റെ നിലനില്പിന് ഇവരെല്ലാം ആവശ്യമാണ്.
Keywords: S Jagadeesh Babu, TM Thomas Issac, University College
COMMENTS