ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലിങ്...
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നും കോടതി വ്യക്തമാക്കി. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണമെന്നും കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി വിലയിരുത്തി. രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും തെറ്റായ നടപടിയാണെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സുന്നി വഖബ് ബോര്‍ഡിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീംകോടതി വിധി അട്ടിമറിച്ചുകൊണ്ടാണെന്നും രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ലെന്നും എന്നാല്‍ ആരാധനാ മൂര്‍ത്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നു വിഭാഗങ്ങള്‍ക്കായി തുല്യമായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
Keywords: Ayodhya, Babri Masjid, Supreme Court
COMMENTS