കൊച്ചി : നായകനായും പ്രതിനായകനായും മലയാള സിനിമയിൽ ഏറെക്കാലം തിളങ്ങിനിന്ന നടൻ സത്താർ അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശു...
കൊച്ചി : നായകനായും പ്രതിനായകനായും മലയാള സിനിമയിൽ ഏറെക്കാലം തിളങ്ങിനിന്ന നടൻ സത്താർ അന്തരിച്ചു. 67 വയസ്സായിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി പലവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കരൾ രോഗത്തിനുള്ള ചികിത്സയ്ക്കിടെയാണ് അന്ത്യം സംഭവിച്ചത്. ആലുവ പാലിയേറ്റീവ് കെയർ സെൻററിൽ ആയിരുന്നു സത്താറിനെ പ്രവേശിപ്പിച്ചിരുന്നത്.
നടി ജയഭാരതി ആയിരുന്നു ഭാര്യ. പിന്നീട് ഇരുവരും പിരിഞ്ഞു. നടൻ കൃഷ് സത്താർ മകനാണ്.
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ സ്വദേശിയാണ് സത്താർ. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും.
ആലുവ യു.സി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സത്താർ സിനിമയിലെത്തുന്നത്. 1957-ലാണ് ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് .
1976 ൽ വിൻസെൻറ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെയാണ് സത്താർ നായകനാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചു. 150 ൽ പരം ചിത്രങ്ങളിലാണ് സത്താർ അഭിനയിച്ചത്.
നടൻ രതീഷിന്റെ മരണത്തോടു കൂടിയാണ് സത്താർ സിനിമയിൽ നിന്ന് പതുക്കെ അപ്രത്യക്ഷനാകാൻ തുടങ്ങിയത്. ഉറ്റ ചങ്ങാതിയായിരുന്ന രതീഷിന്റെ അപ്രതീക്ഷിത വിയോഗം സത്താറിനെ ഏറെ തളർത്തിയിരുന്നു.
2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവച്ചത് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
Keywords: Actor sathar, Malayalam movie, Film, Kochi
COMMENTS