ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചുവെന്ന പേരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പാര്‍ട...
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചുവെന്ന പേരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പാര്‍ട്ടി ജില്ലാ കമ്മിറ്റി പിന്‍വലിച്ചു.
ക്യാമ്പിലെ ആവശ്യങ്ങള്‍ക്കായി ആളൊന്നുക്ക് 70 രൂപ വീതം വാങ്ങി അവിടെ തന്നെ ചെലവഴിക്കുകയായിരുന്നുവെന്നും ഇതു പിരിവല്ലെന്നും ക്യാമ്പിലുള്ളവര്‍ തന്നെ പറഞ്ഞതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം എടുത്ത കേസ് പിന്‍വലിക്കാന്‍ ഔദ്യോഗിക നടപടിയുമായി.
ഓമനക്കുട്ടന്‍ പണം പിരിച്ചെടുക്കേണ്ടിയിരുന്നില്ലെന്നും ക്യാമ്പിലെ കുറവുകള്‍ ബന്ധപ്പെട്ടവരെ അറിയിച്ചാല്‍ മതിയായിരുന്നുവെന്നും സദുദ്ദേശത്തോടെ ചെയ്ത കാര്യത്തെ പാര്‍ട്ടി വിലകുറച്ചു കാണുന്നില്ലെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. ഓമനക്കുട്ടന്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നും നാസര്‍ വ്യക്തമാക്കി.
ഓമനക്കുട്ടന്‍ ചെയ്ത കാര്യത്തില്‍ തങ്ങള്‍ക്കു പരാതിയില്ലെന്നു ക്യാമ്പിലെ താമസക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു. വെളിച്ചമില്ലാത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടില്‍ നിന്ന് വൈദ്യുതി എടുക്കാനും സപ്ലൈ കോയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനുമായിരുന്നു പണം പിരിച്ചതെന്നു ഓമനക്കുട്ടന്‍ വിശദീകരണം നല്കി.
ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി.വേണുവും ഖേദം പ്രകടിപ്പിച്ചു. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നും ഓമനക്കുട്ടനുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നുവെന്നും ഡോ. ബി.വേണു ഫേസ് ബുക്കില്‍ കുറിച്ചു.
ഒബ്ജെ്ക്ടീവിലി ശരിയല്ലാത്ത, സബ്ജെ്ക്ടീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഡോ. വേണുവിന്റെ വിശദീകരണം.
ഓമനക്കുട്ടന്‍ പണപ്പിരിവു നടത്തിയിട്ടില്ലെന്നു വ്യക്തമായിരിക്കെ, അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ തഹസീല്‍ദാര്‍ക്കു കൊടുത്ത നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു.
Keywords: CPM, Flood, Kerala, Alappuzha, Onmanakkuttan
COMMENTS