കോഴിക്കോട്: പ്രളയത്തില്‍ മരണസംഖ്യ 60 ആയിരിക്കെ, മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളമെത്തി കുട്ടനാ...
കോഴിക്കോട്: പ്രളയത്തില്‍ മരണസംഖ്യ 60 ആയിരിക്കെ, മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളമെത്തി കുട്ടനാട് മേഖല മുങ്ങാന്‍ തുടങ്ങിയതോടെ ഇവിടെയും ജനം പലായനം ആരംഭിച്ചിരിക്കുകയാണ്.
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ മഴ അല്പം ശമിച്ചിട്ടുണ്ട്. എന്നാല്‍, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കു വേണ്ടി തിരച്ചിലിനു സൈന്യം രംഗത്തിറങ്ങി. വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണു നീക്കിയും സൈന്യം മുന്നേറുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലിന് സജീവമായി സഹകരിക്കുന്നുണ്ട്. ഇവിടെ, ഇതുവരെ ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെടുത്തു.
നിലമ്പൂരിലെ കവളപ്പാറയില്‍ ഇരുപത് കുട്ടികളടക്കം 58 പേരെയും പുത്തുമലയില്‍ ഒന്‍പതു പേരെയുമാണ് കണ്ടെത്താനുള്ളത്. മലപ്പുറം കോട്ടക്കുന്നില്‍ വ്യാഴാഴ്ച മണ്ണിനടിയിലാണ്ട ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെയും കണ്ടെത്താനായില്ല.
* സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍.
* എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളില്‍ മൂന്നു ദിവസത്തിനിടെ ഉരുള്‍പൊട്ടി.
* വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു.
* പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് മലപ്പുറത്തെ മുണ്ടേലിയില്‍ ഇരുന്നൂറോളം കുടുംബങ്ങളും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങി.
* 196 വീടുകള്‍ പൂര്‍ണമായും 2234വീടുകള്‍ ഭാഗികമായും തകര്‍ന്നു.
* കോഴിക്കോട് നഗരത്തിലെ നല്ലളം പ്രദേശം വെള്ളത്തില്‍.
* വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്നലെ 10 സെന്റീമീറ്റര്‍ തുറന്നു.
* തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ 80സെന്റിമീറ്റര്‍ തുറന്നു.
* കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ബോട്ടുകള്‍ തിരികെയെത്തിയില്ല.
* വാണിയംപുഴ തൂക്കുപാലം, ഇരുട്ടുകുത്തി പാലം എന്നിവ തകര്‍ന്ന് പോത്തുകല്ല് മുണ്ടേരി വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ രക്ഷയ്ക്ക് സൈന്യമെത്തി.
* പമ്പാനദി കരകവിഞ്ഞ് മൂന്ന് ദിവസമായി ഒറ്റപ്പെട്ട കമ്പന്‍മൂഴിയില്‍ ദേശീയ ദുരന്തനിവാരണ സേന ഭക്ഷണസാധനങ്ങള്‍ എത്തിച്ചു.
* അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ എട്ടു മാസമായ ഗര്‍ഭിണിയെയും 11 മാസം പ്രായമയ കുഞ്ഞിനെയും അഗ്നിശമന സേന രക്ഷിച്ചു.
* ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൈന്യത്തെ ചെങ്ങന്നൂരില്‍ വിന്യസിച്ചു.
* ഷൊര്‍ണൂര്‍ വഴിയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
* കേരള എക്‌സ്പ്രസ് തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.
* കുറ്റ്യാടി വഴി റോഡ് ഗതാഗതം നിരോധിച്ചു.
* ചെങ്കോട്ട- പുനലൂര്‍ പാതയില്‍ തിങ്കളാഴ്ച വരെ ട്രെയിന്‍ സര്‍വീസ് നിറുത്തി.
* നെടുമ്പാശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകളാണ് ആദ്യം തുടങ്ങുക .
* നെടുമ്പാശേരിയിലിറങ്ങേണ്ട 25 വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു.
Keywords: Kerala, Flood, Rains
COMMENTS