ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം സമർപ്പിച്ച ഹർജി ചീ...
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചില്ല. പിഴവുകൾ ഉള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയതായി സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.
ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരത്തിൻറെ അഭിഭാഷകർ എത്തിയപ്പോഴേക്കും ചീഫ് ജസ്റ്റിസ് കോടതി വിട്ടിറങ്ങിയിരുന്നു. ഇതോടെ ചിദംബരത്തെ വേണമെങ്കിൽ സിബിഐക്കോ എൻഫോഴ്സ്മെൻറ് റയറക്ടറേറ്റിനോ അറസ്റ്റ് ചെയ്യാമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.
രാവിലെ ജസ്റ്റിസ് എൻ വി രമണയാണ് കേസ് പരിഗണിക്കാതെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടത്. ഇതിനിടെയാണ് ഹർജിയിൽ പിഴവുണ്ടെന്ന് വ്യക്തമായത്.
ചിദംബരത്തിന് വേണ്ടി കപിൽ സിബൽ ഇന്ദിര ജയ്സിംഗ് വിവേക് സൽമാൻ ഖുർഷിദ് എന്നിവർ കോടതിയിൽ ഹാജരായി ഉച്ചതിരിഞ്ഞ് ജസ്റ്റിസ് രമണയുടെ ബെഞ്ചിൽ അഭിഭാഷകർ ഈ വിഷയം ഉയർത്തി. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും ജസ്റ്റിസ് രമണ അറിയിച്ചു.
ഇതേസമയം, ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ശ്രമം തുടരുകയാണ്. ചിദംബരം എവിടെയുണ്ടെന്ന് കണ്ടെത്താൻ ആവാത്തതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് എൻഫോഴ്സ്മെന്റ്.
എൻഫോഴ്സ്സ്മെൻറ് ഡയറക്ടറേറ്റും സി ബി ഐ യും ചിദംബരത്തിന്റെ വീടിന് മുന്നിൽ കാവൽ കിടക്കുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപ്പോൾ മുതൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായി നീക്കം നടക്കുകയായിരുന്നു. എന്നാൽ ചിദംബരം എവിടെയാണെന്ന് കണ്ടെത്താൻ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 12 മണിക്ക് വീട്ടിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനുള്ളിൽ തങ്ങൾക്കു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ വീട്ടിൽ നോട്ടീസ് പതിച്ചു പോയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും ഒരു മുൻ കേന്ദ്രമന്ത്രിയുടെ വീട്ടിൽ കയറി ഇങ്ങനെ നോട്ടീസ് പതിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് ചോദിക്കുന്നു.
ബിജെപി സർക്കാരിൻറെ തെറ്റായ നീക്കങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ആളായതിനാൽ കേന്ദ്രം പക തീർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ എല്ലാവരും ചിദംബരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
COMMENTS