കട്ടപ്പന: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ റിമാൻഡ് പ്രതിയെ ഉരുട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ. മർദ്ദനത്തിൽ പങ്കെടുത്ത...
കട്ടപ്പന: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ റിമാൻഡ് പ്രതിയെ ഉരുട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ. മർദ്ദനത്തിൽ പങ്കെടുത്ത എ എസ്ഐ റെജിമോൻ, പൊലീസ് ഡ്രൈവർ നിയാസ് എന്നിവരാണ് ഇന്ന് വൈകുന്നേരം അറസ്റ്റിലായത്.
ഇന്ന് രാവിലെ അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങിയ ഇരുവരെയും എട്ടു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ എസ്ഐ സാബു, സിപിഒ സജിമോൻ എന്നിവരുടെ മൊഴി റജി മോനും നിയാസിനും എതിരായിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് ഇവരെ ഇന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് പ്രതി രാജ് കുമാറിനെ ഇപ്പോൾ അറസ്റ്റിലായ നാലു പേർ ഉൾപ്പെടെ ഒൻപത് പൊലീസുകാർ ചേർന്ന് അതി ക്രൂരമായി മർദ്ദിച്ച് അവശനാക്കി എന്നാണ് റിപ്പോർട്ട്. മരിക്കുമെന്ന് സംശയം വന്നതോടെ പ്രതികൾ സ്റ്റേഷനിൽ തന്നെ അദ്ദേഹത്തിന് ഉഴിച്ചിലും നടത്തിയിരുന്നു.
എന്നാൽ മാരകമായ മർദ്ദനത്തിലും ഉരുട്ടലിലും ഏറ്റ ആന്തരിക ക്ഷതങ്ങളാണ് രാജ്കുമാറിനെ മരണത്തിലേക്ക് നയിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. അവരെ രക്ഷിക്കാനായി കീഴുദ്യോഗസ്ഥരെ ബലി കൊടുക്കുകയാണ് എന്ന ആരോപണവും പൊലീസ് സേനയിൽ ശക്തമായിട്ടുണ്ട്.
എന്നാൽ അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലാണ് അന്വേഷകസംഘം.
COMMENTS