തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പല ജില്ലകളിലും കാറ്റോടുകൂടിയ ശക്തമായ മഴയില്‍ ജനജീവിതം ദുരിതത്തിലായി. വിഴിഞ്ഞത്ത് നിന്ന്...
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പല ജില്ലകളിലും കാറ്റോടുകൂടിയ ശക്തമായ മഴയില്‍ ജനജീവിതം ദുരിതത്തിലായി.
വിഴിഞ്ഞത്ത് നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായി. ഇവർ ഇന്ന് രാവിലെയോടെ തീരത്തെത്തി.
കടലില്‍ കാണാതായ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവര്‍ക്കായി ഇന്നലെത്തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
കടലില്‍ ഇറങ്ങരുതെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് പത്തു വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി കടലിലേക്ക് പോയിരുന്നു. വള്ളങ്ങളിൽ പോയ മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇവരെ കണ്ടെത്തിയതും.
ഇവരോടൊപ്പം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരച്ചിലില്‍ നടത്തിയിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും, ഹെലികോപ്ടറുകളും എത്തിച്ച് ഇന്നലെ തിരച്ചില്‍ നടത്താനുള്ള ശ്രമവും പാളിയെങ്കിലും ഇന്ന് രാവിലെ തന്നെ ശ്രമം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊല്ലം ജില്ലയിലെ ശക്തിക്കുളങ്ങര ഭാഗത്ത് നിന്ന് സ്റ്റാലിന്റെ ഉടമസ്ഥയിലുള്ള സാഗരമാതാ ബോട്ടില്‍ മത്സ്യ ബന്ധനത്തിനുപോയ കന്യാകുമാരി സ്വദേശികളായ അഞ്ച് പേര്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് അപകടത്തിലായി. ഇതില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌തെ, സഹായരാജു എന്നിവരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥയിലുള്ള സാഗരമാത ബോട്ട് നീണ്ടകരതീരത്തടിഞ്ഞു.
എറണാകുളം ചെല്ലാനത്ത് കലാക്രമണം രൂക്ഷമായി. 80 വീടുകളില്‍ വെള്ളം കയറി. ഇതിനിടെ ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ റനീഷിനെ കാണാതായി.
ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ലോവര്‍ പെരിയാറിലെ പാംബ്ല, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്നത് പെരിയാറിലേയും മൂവാറ്റുപുഴയുടെയും ജലനിരപ്പ് ഉയരാന്‍ കാരണമായതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഇടവിട്ട് പൊയ്യുന്ന ശക്തമായ മഴ കാരണം പെരുവണ്ണാമുഴി ഡാമിന്റെ ഷട്ടര്‍ തുറന്നു. 200 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
Keywords: Rain, kerala, Red Alert
COMMENTS