സതാംപ്ടണ്: അവസാനിമിഷം വരെയും ഇന്ത്യയെ വിറപ്പിച്ച ശേഷം അഫ്ാഗനിസ്ഥാന് കീഴടങ്ങി. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 50 ഓവറില്‍ 224ല്‍ എറിഞ്ഞൊതുക്...
സതാംപ്ടണ്: അവസാനിമിഷം വരെയും ഇന്ത്യയെ വിറപ്പിച്ച ശേഷം അഫ്ാഗനിസ്ഥാന് കീഴടങ്ങി. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 50 ഓവറില്‍ 224ല്‍ എറിഞ്ഞൊതുക്കിയ ശേഷമാണ് മറുപടി ബാറ്റിംഗില്‍ 49.5 ഓവറില്‍ 213ന് അഫ്ഗാന് കീഴടങ്ങിയത്. ഇതോടെ, ഇന്ത്യയ്ക്ക് 11 റണ്‍ ജയം.
അവസാന ഓവറില്‍ മുഹമ്മദ് ഷമിയാണ് ഹാട്രിക് പ്രകടനത്തിലൂടെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ജയം യാഥാര്‍ത്ഥ്യമാക്കിയത്. ജയത്തിലേക്ക് നീങ്ങിയ അഫ്ഗാനിസ്ഥാനെ ഷമി തകര്‍ക്കുകയായിരുന്നു.
അവസാന ഓവറില്‍ 16 റണ്‍സാണ് വിജയിക്കാന്‍ അഫ്ഗാന് വേണ്ടിയിരുന്നത്. ഷമിയുടെ ആദ്യ പന്ത് പൊരുതിക്കളിച്ച മുഹമ്മദ് നബി ബൗണ്ടറി കടത്തിയതോടെ അഫ്ഗാനിസ്ഥാന് ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പക്ഷേ, അടുത്ത പന്തില്‍ ഷമി റണ്‍സ് വിട്ടുകൊടുത്തില്ല. മൂന്നാം പന്തില്‍, 52 റണ്‍സെടുത്തു നിന്ന നബിയെ ഷമി മടക്കി. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലം, മുജീബ് ഉര് റഹ്മാന് എന്നിവരെയും വന്നതുപോലെ മടക്കിക്കൊണ്ട് ഷമി ഇന്ത്യയ്ക്കു സ്വപ്നതുല്യമായ ജയം സമ്മാനിച്ചു.
മത്സരത്തില്‍ ഷമി നാല് വിക്കറ്റ് വീഴ്ത്തി. പക്ഷേ, രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളി മികവില്‍ മാന്‍ ഒഫ് ദി മാച്ചായത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി.
ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 224 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോലിയും (63 പന്തില്‍ 67) കേദാര്‍ ജാദവും (68 പന്തില്‍ 52) അവസരോചിതമായി ഇടപെട്ടാണ് ഇന്ത്യയെ ദയനീയ സ്ഥിതിയില്‍ നിന്നു തിരിച്ചു കയറ്റിയത്.
എല്ലാവരും എഴുതിത്തള്ളിയ അഫ്ഗാനെ അടിച്ചു പറത്തി വന്‍ സ്കോര്‍ നേടാമെന്ന പ്രതീക്ഷയിലാണ് ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷേ, ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ അഫ്ഗാന് സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കളത്തില്‍ കണ്ടത്. ബൗണ്ടറികള്‍ പോലും അപൂര്‍വമായിരുന്നു. 34 ഓവര്‍ എറിഞ്ഞ അഫഗാന് സപിന്നര്‍മാര്‍ വിട്ടുകൊടുത്തത് 119 റണ്‍ മാത്രം. അഞ്ച് വിക്കറ്റും സ്പിന്നര്‍മാര്‍ നേടി. പേസര്‍മാരുടെ 16 ഓവറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് 105 റണ്‍സെടുത്തു.
പാകിസ്ഥാനെ വിറപ്പിച്ച രോഹിത് ശര്‍മ 10 പന്തില്‍ ഒരു റണ്‍സെടുത്തു നില്‍ക്കെ, മുജീബിന്റെ പന്തില്‍ കുറ്റിതെറിച്ച് പുറത്തായപ്പോള്‍ തന്നെ ഇന്ത്യ വിറച്ചു. മുജീബിന്റെ മനോഹരമായ കാരംബോളിന് മുന്നില്‍ രോഹിതിന് മുട്ടിടിച്ചു. ലോകേഷ് രാഹുലും പതിവുപോലെ റണ്‍സ് കണ്ടെത്താനാവാതെ കുഴങ്ങി. മുഹമ്മദ് നബിയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് രാഹുല്‍ ഹസ്റത്തുള്ളയുടെ കൈകളില്‍ രാഹുല്‍ ഒതുങ്ങുമ്പോള്‍ സമ്പാദ്യം 53 പന്തില്‍ 30 റണ്‍സായിരുന്നു.
വിരാട് കോലി വന്നതോടെയാണ് റണ്‍സൊഴുകാന്‍ ആരംഭിച്ചത്. കോലി തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു. രണ്ടാം വിക്കറ്റില്‍ 57 റണ്ണാണ് പിറന്നത്. നാലാമനായെത്തിയ വിജയ് ശങ്കറും അഫ്ഗാന് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വിറച്ചു. മുജീബ്, നബി, റഷീദ് ഖാന്, റഹ്മത്തുള്ള എന്നിവര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗം വല്ലാതെ കുറഞ്ഞു.
41 പന്തില്‍ 29 റണ്ണെടുത്ത ശങ്കറെ റഹ്മത്തുള്ള വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ മഹേന്ദ്ര സിങ് ധോണിയും സിംഗിള്‍ എടുക്കാന്‍പോലും വിഷമിച്ചു. ഇതോട, വേഗം കുറഞ്ഞ പിച്ചില്‍ കോലിയും ശ്രദ്ധാപൂര്‍വം കളിക്കാന്‍ തുടങ്ങി. പക്ഷേ, നബിയെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ കോലി റഹ്മത്തിന്റെ കൈകളിലൊതുങ്ങി.
40 ഓവറിനുശേഷം ധോണിയും കേദാര്‍ ജാദവും ആക്രമിച്ചുകളിക്കാന്‍ ശ്രമം നടത്തിയെങ്കിലും റഷീദിന്റെ പന്ത് കയറിയടിക്കാന്‍ ക്രീസ് വിട്ട ധോണിയെ അഫ്ഗാന് വിക്കറ്റ് കീപ്പര്‍ ഇക്രം അലി ഖില് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 52 പന്തില്‍ 28 റണ്‍സെടുത്തായിരുന്നു ധോണിയുടെ മടക്കം. പിന്നീടുവന്ന കൂറ്റനടിക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യ ഒമ്പത് പന്തില്‍ ഏഴ് റണ്ണെടുത്തു പുറത്തായി.
ഒരു സിക്സറും മൂന്ന് ബൗണ്ടറികളുമായി ജാദവ് വാലറത്ത് 68 പന്തില്‍ 52 റണ്‍സെടുത്തു രക്ഷകനായി. അവസാന ഓവറില്‍ അഫ്ഗാന് ക്യാപ്റ്റന്‍ ഗുല്‍ബദീന്‍ നായിബ് ജാദവിനെയും മുഹമ്മദ് ഷമിയെയും (2 പന്തില്‍ 1) മടക്കി സ്കോറുയര്‍ത്താനുള്ള ഇന്ത്യന്‍ ശ്രമം വിജയകരമായി തടഞ്ഞു.
Keywords: ICC World Cup, Team India, Afghanistan, Virat Kohli, Muhammed Shami, Jasprit Bumra
COMMENTS