ബ്രിട്ടണ്: ബ്രെക്സിറ്റ് വിവാദങ്ങളുടെ തുടര്‍ച്ചയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവച്ചു. ജൂണ്‍ ഏഴിനു സ്ഥാനമൊഴിയുമെന്ന് മൈക്കി...
ബ്രിട്ടണ്: ബ്രെക്സിറ്റ് വിവാദങ്ങളുടെ തുടര്‍ച്ചയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവച്ചു. ജൂണ്‍ ഏഴിനു സ്ഥാനമൊഴിയുമെന്ന് മൈക്കിനു മുന്നില്‍ വിങ്ങിപ്പൊട്ടി തെരേസ പറഞ്ഞു.
തെരേസ രാജിവയ്ക്കുന്നതോടെ, തലയെടുപ്പുള്ള മറ്റൊരു നേതാവില്ലാതെ കണ്‍സര്‍വേറ്റീവ് പാര്‍ടി വിഷമവൃത്തത്തിലാവുകയാണ്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനാണ് രാജി വൈകിപ്പിക്കുന്നത്.
തെരേസയുടെ ഒഴിവില്‍ 15 നേതാക്കളാണ് നേതൃസ്ഥാനത്തേയ്ക്കു മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ബോറിസ് ജോണ്സണ്, ആന്‍ഡ്രിയ ലെടസം തുടങ്ങിയവരാണ് ഇവരില്‍ പ്രധാനികള്‍. ഇവരെല്ലാം കടുത്ത ബ്രെക്സിറ്റ് അനുകൂലികളാണ്.
തെരേസയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ് രാജിവച്ചിരുന്നു.
മൂന്നുതവണ പരാജയപ്പെട്ട ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വുീണ്ടും വോട്ടിനു കൊണ്ടുവരുന്നതില്‍ പ്രതിക്ഷേധിച്ചാണ് പാര്‍ലമെന്ററി ലീഡര്‍ ആന്‍ഡ്രിയ ലെടസം രാജിവച്ചത്. ഈ രാജിയോടെ മന്ത്രിസഭയിലെ പ്രധാന നേതാക്കളെല്ലാം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
തെരേസ രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി നിയമം ഭേദഗതി ചെയ്ത് അവരെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേര്‍ന്ന എം പി മാരുടെ യോഗം തീരുമാനിച്ചിരുന്നു.
കമ്മിറ്റി ചെയര്മാന് ഗ്രഹാം ബ്രായ്ടി ഈ യോഗതീരുമാനം തെരേസയെ കണ്ടു ഇന്ന് രാവിലെ അറിയിച്ചു. ഇതോടെയാണ് തെരേസ രാജി പ്രഖ്യാപനം നടത്തിയത്.
ബ്രിട്ടീഷ് ജനത 2016ല്‍ തീരുമാനിച്ച ബ്രക്സിറ്റ് നടപ്പിലാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും വിജയത്തിലെത്താനാവാത്തതിനാലാണ് രാജിയെന്നും ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രഖ്യാപനത്തില്‍ തെരേസ വ്യക്തമാക്കി.
ബ്രെക്സിറ്റ് നടപ്പാക്കാനാകാത്തത് നിരാശാജനകമായ കാര്യമാണ്. പുതിയ പ്രധാനമന്ത്രിക്ക് അതിനു കഴിയട്ടെയെന്നും അവര്‍ പറഞ്ഞു.
പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രി തെറിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന് പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്.
കരാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി ബ്രെക്സിറ്റ് നടപടി തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് സമയം നീട്ടിക്കൊടുത്തിട്ടുള്ളത്.
Keywords: Theresa May, Brexit, UK, Britain, European Union
COMMENTS