തൃശ്ശൂര്‍: അസാധാരണമായ ജനത്തിരക്കിനിടെ, തൃശൂര്‍ പൂരത്തിന്റെ വിളംബരവുമായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍...
തൃശ്ശൂര്‍: അസാധാരണമായ ജനത്തിരക്കിനിടെ, തൃശൂര്‍ പൂരത്തിന്റെ വിളംബരവുമായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുന്നാഥ സന്നിധിയിലെത്തി ആചാരപ്രകാരം തെക്കേ നട തള്ളിത്തുറന്നു.
മുന്‍കാലങ്ങളിലൊന്നുമില്ലാത്തവിധം ജനത്തിരക്കാണ് ഇക്കുറി പൂരവിളംബരത്തിനെത്തിയത്. അപ്രതീക്ഷിതമായി വന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെടുന്നുണ്ട്.
സാധാരണ പൂരത്തിനു കാണാറുള്ളത്ര തന്നെ തിരക്ക് വിളംബരത്തിനു തന്നെ ഉണ്ടായിരിക്കുകയാണ്. ആനയുടെ പത്തുമീറ്റര്‍ അകലെ മാത്രമേ ജനം പാടുള്ളൂ എന്നാണ് ജില്ലാ ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നത്. ഇതു പാലിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
പൂരത്തിന്റെ ചടങ്ങുകള്‍ക്കു തുടക്കം കുറിക്കുന്നതാണ് പൂരവിളംബരം.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആരാധകര്‍ രാമനെന്നു വിളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിനായി കൊണ്ടുവന്നത്. തുടര്‍ച്ചയായി ആറാം വട്ടമാണ് ഈ ആന പൂരവിളംബരത്തിനെത്തുന്നത്.
നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ശിരസിലേറ്റിയത്. വാദ്യമേളങ്ങളും പുരുഷാരവും അകമ്പടിയായി.
ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തിച്ചത്. പടിഞ്ഞാറെ നടയില്‍ കൂടിയാണ് തിടമ്പേറ്റി രാമചന്ദ്രന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത്തവണ പൂരത്തിന് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
ഇലഞ്ഞിത്തറമേളം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇത്തവണ പൂര ആരാധകര്‍ക്ക് വളരെ നേരത്തേ എത്തേണ്ടിവരും. ബാഗ്, പ്ലാസ്റ്റിക് കുപ്പി തുടങ്ങിയവയുമായി വരുന്നവരെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കുകയില്ല.
160 അംഗ ബോംബ് പരിശോധനാ സംഘം തയ്യാറായിക്കഴിഞ്ഞു. പത്ത് ഡോഗ് സ്‌കൂളുകളും 80 സിസിടിവി ക്യാമറകളും ബൈനോക്കുലറുകളുമെല്ലാം സ്ഥാപിച്ച് അതീവ സുരക്ഷാ സംവിധാനം ഒരുക്കിയാണ് പൊലീസ് തയ്യാറെടുത്തിരിക്കുന്നത്.
ഇതേസമയം പൂരത്തിനുള്ള ഒരുക്കങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പൂരപ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞു. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത വിധം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിത്തുടങ്ങുന്നതോടെ പൂര നടപടികള്‍ ആരംഭിക്കും. പാറമേക്കാവ് ദേവിയുടെ എഴുന്നള്ളത്തിന് വഴിയായ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ 11മണിയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം തുടങ്ങും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരിക്കും വടക്കുന്നാഥക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാവുക. വൈകിട്ട് നാല് മണിയോടെ തെക്കേഗോപുരനടയില്‍ കുടമാറ്റത്തിനു തുടക്കമാവും. പുലര്‍ച്ചെയാണ് ആരാധകരുടെ മനം നിറയ്ക്കുന്ന വെടിക്കെട്ട്. തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍പ്പൂരം. ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് അവസാനമാവും.
COMMENTS