തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശമനമില്ലാതെ തുടരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ പൂരത്തില്‍ പങ്കെടുപ...
തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശമനമില്ലാതെ തുടരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
ഇതിനിടെ, പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പിനു ജില്ലാ കളക്ടര്‍ ടി.വി അനുപമ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.പൂരവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ആന ഉടമകളുമായുള്ള മന്ത്രിമാരുടെ ചര്‍ച്ച പൂര്‍ത്തിയായി. പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് യോഗത്തിനു ശേഷം മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന ഭാരവാഹികളുമായിട്ടായിരുന്നു ചര്‍ച്ച.
ഈ ആനയുടെ കാര്യത്തില്‍ തൃശൂരിലെ ജനങ്ങള്‍ക്കും ആന ഉടമകള്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കും. മറ്റു കാര്യങ്ങളില്‍ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു വന്നതിനു ശേഷം വിശദചര്‍ച്ച നടത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി. ജില്ലാ കളക്ടറാണ് ഈ ആനയെ പങ്കെടുപ്പിക്കുന്നത് വിലക്കിയത്. ഈ ആനയുടെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല.
ആനയെ പൂരത്തില്‍ വിലക്കിയതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയിലുള്ള നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യംചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഈ ആനയെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിക്കുന്നതിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരും.ഇതേസമയം, മേയ് 12 മുതല്‍ 14 വരെ മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരളുന്നതുമായ ആനകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് കളക്ടര്‍ വിലക്കി. ഹെലികാം, ഹെലികോപ്റ്റര്‍, ലേസര്‍ഗണ്‍, കാഴ്ച മറക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കോടതി വിധിക്കനുസരിച്ച് വിലക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരുമെന്നും കളക്ടര്‍ പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പില്‍ ആശങ്കയില്ലെന്നും മുന്‍വര്‍ഷത്തേക്കാള്‍ ഭംഗിയായി പൂരം നടത്തുമെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മറ്റ് ആനകളെയും പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് ആന ഉടമകള്‍.
ഇതേസമയം, ആനയുടമകളുടെ സംയുക്ത യോഗത്തിന്റെ തീരുമാനം വനം മന്ത്രി കെ.രാജു അട്ടിമറിച്ചെന്ന് ആന ഉടമ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.ബി ഗണേശ് കുമാര്‍ എംഎല്‍എ ആരോപിച്ചു.
തൃശൂര്‍ ജില്ലയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിക്കാമെന്നായിരുന്നു രാജു കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൂടിയാലോചന ഒന്നുമില്ലാതെ വനംമന്ത്രി തീരുമാനം മാറ്റുകയായിരുന്നു. രാജു കൈക്കൊണ്ട നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Keywords: Thrissur Pooram, Thochikkottukavu Ramachandran, K Raju, KB Ganesh Kumar
COMMENTS