* കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി * കമല്‍നാഥ്-ജ്യോതിരാദിത്യ യുദ്ധം കോണ്‍ഗ്രസിനു തിരിച്ചടി അഭിനന്ദ് ന്യൂഡല്‍ഹി: അധികാരം ന...
* കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി
* കമല്‍നാഥ്-ജ്യോതിരാദിത്യ യുദ്ധം കോണ്‍ഗ്രസിനു തിരിച്ചടി
അഭിനന്ദ്
ന്യൂഡല്‍ഹി: അധികാരം നിലനിറുത്തുമെന്ന അഭിപ്രായ സര്‍വേകള്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ ബിജെപി പല സര്‍ക്കാരുകളുകളെയും അട്ടിമറിക്കുന്നതുള്‍പ്പെടെ നീക്കങ്ങള്‍ക്കു മുന്‍കൈയെടുത്തേക്കുമെന്നുള്ളതിന്റെ സൂചനയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു ഗവര്‍ണര്‍ക്കു കത്തു നല്കിയത്.
ന്യൂഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം കൊടുത്തതിനു പിന്നാലെയാണ് മദ്ധ്യപ്രദേശിലെയും നീക്കം. ഡല്‍ഹി പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്നാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ കത്തെഴുതിയിരിക്കുന്നത്. ഗുജറാത്തില്‍ മോഡി അധികാരമൊഴിഞ്ഞതില്‍ പിന്നെ മുഖ്യമന്ത്രിയായ ആളായിരുന്നു ആനന്ദി.
മദ്ധ്യപ്രദേശ് നിയമസഭയില്‍ ആകെ 230 സീറ്റാണുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 114 സീറ്റ് നേടി ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തിനു പുറത്താക്കുകയായിരുന്നു. അപ്പോഴും കേവല ഭൂരിപക്ഷത്തിന് നാലു സീറ്റ് കുറവുണ്ടായിരുന്നു. മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
ആനന്ദി ബെന്‍ പട്ടേല്‍, നരേന്ദ്രമോഡി
ഇപ്പോള്‍ പക്ഷേ, സഖ്യകക്ഷികളെയല്ല, കോണ്‍ഗ്രസ് എംഎല്‍എമാരെ തന്നെ ബിജെപി പണം കൊടുത്തു വാങ്ങിയെന്നാണ് ലഭിക്കുന്ന സൂചന.
എന്നാല്‍, കുതിരക്കച്ചവടത്തിനില്ലെന്നും അല്ലാതെ തന്നെ സര്‍ക്കാര്‍ വീണുകൊള്ളുമെന്നുമാണ് ഭാര്‍ഗവ പറയുന്നത്.
109 അംഗങ്ങളുള്ള ബിജെപി കോണ്‍ഗ്രസ് വിമതരെ കൂടെ കൂട്ടി ഭരിക്കാനോ സര്‍ക്കാരിനെ മറിച്ചിട്ട് തിരഞ്ഞെടുപ്പിലേക്കു പോകാനോ ആണു ശ്രമിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 29ല്‍ 24 സീറ്റിലും ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് അടുത്തൊരു തിരഞ്ഞെടുപ്പു നടത്തുന്നതിനും കുഴപ്പമില്ലെന്ന ചിന്തയിലേക്കു ബിജെപി പോകാന്‍ കാരണമെന്നറിയുന്നു.
ഇതേസമയം, മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള വൈരവും ബിജെപി മുതലെടുക്കുന്നുണ്ട്. മുഖ്യമന്ത്രിപദം മോഹിച്ചിരുന്ന ജ്യോതിരാദിത്യയെ വെട്ടിയാണ് കമല്‍നാഥ് കസേര പിടിച്ചത്. അതിനു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. കമല്‍നാഥ് സര്‍ക്കാരിന്റെ പതനം ഏറ്റവുമധികം ആഗ്രഹിക്കുന്നവരില്‍ ഒരാളായി ജ്യോതിരാദിത്യ മാറിയിരിക്കുന്നു.
ജ്യോതിരാദിത്യ ലോക്‌സഭയിലേക്കു മത്സരിച്ച ഗുണ സീറ്റില്‍ മായാവതിയുടെ ബിഎസ്പി നേതാവായിരുന്ന ലോകേന്ദ്ര സിംഗ് രാജ്പുത് ബിഎസ്പി-എസ്പി സഖ്യം വിട്ട് ജ്യോതിരാദിത്യയെ പരസ്യമായി പിന്തുണച്ചു രംഗത്തു വന്നിരുന്നു. ഇതും കമല്‍നാഥ് സര്‍ക്കാരിനു ഭീഷണിയായി മാറിയിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നു മായാവതി പറഞ്ഞിരുന്നു. ഈ പ്രശ്‌നം ഒരുവിധം പറഞ്ഞൊതുക്കുകയായിരുന്നു.
ഗുണയ്ക്കു പുറത്ത് കാര്യമായ പ്രചരണത്തിനു ജ്യോതിരാദിത്യ പോകാതിരുന്നതും കമല്‍നാഥിനു കൂടി തിരിച്ചടിയായിരുന്നു. കേവലം മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് അധികാരം പിടിച്ച സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുന്നത് കമല്‍നാഥ് സര്‍ക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടും. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനു മുന്‍പേ ജ്യോതിരാദിത്യ വിദേശത്തേയ്ക്കു പോവുകയും ചെയ്തു.
ഫലത്തില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്ല നാളുകളല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Keywords: BJP, Madhyapradesh, Kamalnath, Jyothiradity, Congress
COMMENTS