ന്യൂഡല്‍ഹി: ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ വിഷയത്തില്‍ പരമോന്നത നീതിപീഠത്തില്‍ അധാരണ നടപടികള്‍ തുടരുന്നു. ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ വിഷയത്തില്‍ പരമോന്നത നീതിപീഠത്തില്‍ അധാരണ നടപടികള്‍ തുടരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പീഡനപരാതിയല്ല, മറിച്ച് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ മറുപടി നല്‍കി.
കോടതിയുടെ ഈ നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇന്ദിരാ ജയ്‌സിംഗ് തുറന്നുപറഞ്ഞു. കോടതിക്കെതിരായ ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്നായിരുന്നു ബെഞ്ച്് അധ്യക്ഷനായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിലപാട്.
പീഡനപരാതിയുടെ വേര് അന്വേഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ നിലപാട്.
വലിയ ഗൂഢാലോചനയാണ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെതിരെ നടന്നിരിക്കുന്നതെന്നും അതിനെക്കുറിച്ച് വ്യക്തമായി അറിയാത്തതിനാലാണ് ഇന്ദിരാ ജയ്‌സിംഗ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്നുമായിരുന്നു കോടതി പറഞ്ഞത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനാ വിഷയം പരിഗണിക്കുന്നത്. ഇതേസമയം ലൈംഗിക അതിക്രമ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എസ് എസ് ബോബ്‌ഡെ തലവനായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. ജസ്റ്റിസ് ജസ്റ്റിസ് രമണ, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ന്യായാധിപനാണ് ജസ്റ്റിസ് ബോബ്‌ഡേ.
അതിനിടെ ഇന്ന് കോടതിയില്‍ നാടകീയമായ രംഗങ്ങളും അരങ്ങേറി. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരെ വരെ കോടതി വിളിച്ചുവരുത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ചീഫ് ജസ്റ്റിസിനെതിരേ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന അഭിഭാഷകന്‍ ഉത്സവ് സിംഗ് ബൈന്‍സ് തെളിവുകള്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ കൈമാറുകയും ചെയ്തു.
നല്കിയ കവറില്‍ പാതി കാര്യങ്ങളേ ഉള്ളൂ എന്ന് അഡ്വക്കേറ്റ് ജനറല്‍ നിരീക്ഷിച്ചു. തന്നെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. ഇതോടെ കോടതി തന്നെ അഭിഭാഷകനെ തിരിച്ചുവിളിച്ചു സമാധാനിപ്പിക്കുന്ന രംഗത്തിനും നീതിപീഠം സാക്ഷിയായി.
Keywords: Indian Chief Justice, Sexual Harassment
COMMENTS