തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനു ശേഷമുള്ള റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ രാഹു...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനു ശേഷമുള്ള റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് പരിചരിച്ചത് വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്ത്തകന് റിക്സന്റെ ഷൂസ് പിടിച്ചു നില്ക്കുന്നതും മറ്റും വാര്‍ത്തയായിരുന്നു. ഇതിനെതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങളും വന്നിരുന്നു. തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള നാടകമാണെന്നു വരെ പ്രചരിച്ചിരുന്നു.
എന്നാലിപ്പോള്‍ പരിക്കേറ്റ റിക്സന് തന്നെ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട തനിക്ക് രാഹുലും പ്രിയങ്കയും ഇടപെട്ടില്ലായിരുന്നെങ്കില്‍ ചികിത്സ വൈകുമായിരുന്നെന്നും തിരക്കു കാരണം ആശുപത്രിയില്‍ എത്താന്‍ സാധിക്കില്ലായിരുന്നെന്നും റിക്സന് വ്യക്തമാക്കുന്നു.
തന്റെ കാലിലെ ഷൂസും ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചതും പ്രിയങ്ക തന്നെ ആയിരുന്നെന്നും അതൊരു ഫസ്റ്റ് എയ്ഡ് ആയിരുന്നെന്നും റിക്സന് പറയുന്നു. അപകടം പറ്റിയ ആള്‍ക്ക് പരമാവധി ശുദ്ധവായു ലഭിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. അതിനെ ആര്‍ക്കും എങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാമെന്നും റിക്സന് പറഞ്ഞു.
അതേസമയം പ്രിയങ്ക തന്റെ ഷൂസ് കയ്യില്‍ പിടിച്ചിരിക്കുന്ന വീഡിയോ കണ്ടുവെന്നും അതിന് ഫസ്റ്റ് എയ്ഡിനെക്കുറിച്ചുള്ള അറിവ് മാത്രം പോരെന്നും മനുഷ്യത്വമുള്ള ഒരു മനസ്സുകൂടി വേണമെന്നും അയാള്‍ കുറിച്ചു.
അതൊരു ശരിക്കുള്ള നേതാവിന്റെ ഗുണമാണെന്നും അവര്‍ക്ക് വേണമെങ്കില്‍ നിര്‍ദ്ദേശം നല്കി പോകാമായിരുന്നെന്നും റിക്സന് കുറിച്ചു. പ്രിയങ്കയുടെ ഈ പ്രവൃത്തി നമുക്കെല്ലാം ഒരു പാഠമാകണമെന്നും അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ കൂടെ സുരക്ഷിതമായി ഏല്പിക്കുവാന് ശ്രമിക്കുന്നത് നന്നായിരിക്കുമെന്നും റിക്സന് വ്യക്തമാക്കി.
COMMENTS