കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് എല്‍...
കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നു എന്നാണ് മോഡി കര്‍ണാടകത്തില്‍ ചെന്നുനിന്നു പ്രസംഗിച്ചത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മോഡിക്കും ബാധകമാണ്. ശബരിമലയുടെ കാര്യത്തില്‍ പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
തെറ്റ് ചെയ്യുന്നവര്‍ ആരായാലും അറസ്റ്റ് ചെയ്യുക തന്നെ ചെയ്യും. അത് സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ്. നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. അതിന് പിന്നാലെ മോഡിയുടെ അനുഗ്രഹാശിസുകളോടെ കൂടി തന്നെ മലയില്‍ അക്രമികള്‍ അഴിഞ്ഞാടുകയും ചെയ്തു. അവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ചിലര്‍ക്കെതിരെ നടപടിയെടുത്തത്.
കേരളത്തിലെത്തിയപ്പോള്‍ മോഡി വിശ്വാസം, വിശ്വാസികള്‍ എന്നൊക്കെയാണ് പ്രസംഗത്തില്‍ പറഞ്ഞത്. അതുകഴിഞ്ഞ് തമിഴ്നാട്ടിലും കര്‍ണാടകത്തിലും ചെന്നുനിന്ന് ശബരിമലയുടെ പേരില്‍ പച്ചക്കള്ളം പറയുകയായിരുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ട് കൊടുക്കാനായിരുന്നു മോഡി ആവശ്യപ്പെടേണ്ടിയിരുന്നത്.
കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാവാത്ത സ്ഥിതിയാണെന്നും പേര് പറയുന്നവര്‍ അകത്താവുകയാണ് ഒന്നും മോഡി കഴിഞ്ഞ ദിവസം മംഗലാപുരത്ത് പ്രസംഗമധ്യേ പറഞ്ഞിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഉള്‍ക്കൊള്ളാനും നടപ്പാക്കാനും കഴിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. നിയമവാഴ്ച നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സുപ്രീംകോടതി വിധി പാലിക്കണം എന്നുള്ളതാണ് ജനാധിപത്യപരമായ മര്യാദ. ആ വിധിയുടെ അന്തസ്സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിന് കഴിയും. അതുതന്നെയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ കലാപഭൂമി ആക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിന് പ്രധാനമന്ത്രിയുടെ പച്ചക്കൊടി ഉണ്ടായിരുന്നു.
ശബരിമലയില്‍ കാണിക്ക ഇടുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ഇവര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ചെറിയ തടസ്സം സൃഷ്ടിക്കാന്‍ അവര്‍ക്കായി. പക്ഷേ ഈ പോരായ്മ എല്ലാം നികത്തി തന്നെ ശബരിമലക്ക് ഒരു ഊനവും തട്ടാതെ ഇടതു സര്‍ക്കാര്‍ കാത്തു. ഇരട്ടത്താപ്പാണ് ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിട്ടു തരാമെന്നും അവര്‍ അറിയിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ഇരട്ടത്താപ്പ് നയവുമായി പുറത്തുവന്നിരിക്കുന്നത്.
ശബരിമലയില്‍ തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ നിങ്ങള്‍ ആളുകളെ വിട്ടു. സ്ഥാനാര്‍ഥിയെ പോലും അറസ്റുചെയ്ത് ജയിലിലിട്ടു എന്നാണ് മോഡി പറയുന്നത്. ആരെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു മാത്രമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ലായിരിക്കും. അതിന് മോഡിയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരിക്കും. അവരുടെ പേരില്‍ കേസെടുക്കില്ലായിരിക്കും. കേരളത്തില്‍ അത് നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട. മോഡിയുടെ ഒരു ഉപദേശവും കേരളത്തിന് ആവശ്യവുമില്ല.
പ്രധാനമന്ത്രിയുടെ പദത്തിന് നിരക്കാത്ത പ്രവൃര്‍ത്തിയാണ് അദ്ദേഹം ചെയ്യുന്നതെന്നും പിണറായി ആവര്‍ത്തിച്ചു.
അമിത് ഷാ തള്ളിപ്പറഞ്ഞ മുസ്ലിം ലീഗുമായി ഫണ്ട് കോ ലീ ബി സഖ്യം ഉണ്ടാക്കിയത് മറന്നു പോകരുത്. കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇവിടെ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചു കഴിഞ്ഞാല്‍ ഞാന്‍ ബിജെപിയിലേക്ക് പോവില്ല എന്നുപറഞ്ഞാണ് വോട്ടുപിടിക്കുന്നത്. അതിനര്‍ത്ഥം അയാള്‍ ജയിച്ചാല്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് സ്വയം ഉറപ്പില്ല എന്നു തന്നെയാണ്.എന്തൊരു ഗതികേടാണിത്.
2004ല്‍ 18 സീറ്റ് കിട്ടിയതുപോലെ ഇത്തവണയും ഇടതുപക്ഷം ഗംഭീര നേട്ടമുണ്ടാക്കുമെന്നു പിണറായി അവകാശപ്പെട്ടു.
Keywords: Pinarayi Vijayan, Narendra Modi, KN Balagopal, LDF, Congress, NDA
COMMENTS