അഭിനന്ദ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലേക്കുള്ള വഴി എപ്പോഴും ലക്നൗ വഴിയാണ്. യുപിയിലെ 80 സീറ്റുകളില്‍ ആര്‍ക്കാണോ മേല്‍ക്കൈ, അവര്‍...
അഭിനന്ദ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലേക്കുള്ള വഴി എപ്പോഴും ലക്നൗ വഴിയാണ്. യുപിയിലെ 80 സീറ്റുകളില്‍ ആര്‍ക്കാണോ മേല്‍ക്കൈ, അവര്‍ക്കായിരിക്കും ഡല്‍ഹി ഭരിക്കാന്‍ സാധ്യത കൂടുതല്‍.
80ല്‍ 71 സീറ്റു നല്‍കിയാണ് 2014ല്‍ ബിജെപിയെ ഉത്തര്‍ പ്രദേശ് അനുഗ്രഹിച്ചത്. സാക്ഷാല്‍ നരേന്ദ്ര മോഡി പോലും മത്സരിച്ചത് ഗുജറാത്ത് വിട്ടുവന്ന് യുപിയിലെ വാരാണസിയിലായിരുന്നു. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന അപ്നാ ദളിന് രണ്ടു സീറ്റുണ്ടായിരുന്നു.
ഇക്കുറി പക്ഷേ, കഥായാകെ മാറിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെപ്പോലെ പ്രതീക്ഷ വയ്ക്കാനാവുന്നില്ല. ബദ്ധശത്രുക്കളായിരുന്ന സമാദ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സാഹചര്യം മനസ്സിലാക്കി, കൈകോര്‍ത്തതോടെ ബിജെപിയുടെ സാദ്ധ്യതകള്ക്കുമേല് നിഴല്‍ വീണിരിക്കുകയാണ്.
ഈ സഖ്യത്തിലേക്ക് പ്രവേശനം കരുതിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പക്ഷേ, അവര്‍ അടുപ്പിച്ചില്ല. അതോടെ, പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും യുപിയുടെ ചുമതല ഏല്‍പ്പിച്ച് രാഹുല്‍ ഗാന്ധി പുതിയ പരീക്ഷണം നടത്തുകയാണ്.
പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനു പകര്‍ന്നിരിക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. പ്രിയങ്ക ഉത്തര്‍പ്രദേശില്‍ നാള്‍ക്കുനാള്‍ ജനപ്രിയയായി വരുന്നുണ്ട്. ഇതൊന്നും ഇന്നലെകളില്‍ ഇല്ലാതിരുന്ന കാര്യങ്ങളാണ്. അതാണ് ബിജെപിയെ വിഷമിപ്പിക്കുന്നതും.
2014ല്‍ മായാവതിയുടെ ബിഎസ്പിക്ക് ഒരു സീറ്റില്‍പോലും ജയിക്കാനായിരുന്നില്ല. സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചു സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസിന് രണ്ടു സീറ്റായിരുന്നു, രാഹുലിന്റെ അമേഠിയും സോണിയയുടെ റായ് ബറേലിയും.
ഇതു കഴിഞ്ഞു വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊടുങ്കാറ്റായി തിരിച്ചുവന്നു. 15 വര്‍ഷത്തിനു ശേഷമായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. ബിജെപി 40 ശതമാനം വോട്ടു ശതമാനത്തോടെ 312 സീറ്റു നേടിയപ്പോള്‍, ഭരിച്ചിരുന്ന സമാജ് വാദി പാര്‍ട്ടി 50 സീറ്റില്‍ ഒതുങ്ങി. ബിഎസ്പി 19 സീറ്റിലേക്കു താണു.
സമാജ് വാദി-ബിഎസ്പി സഖ്യത്തിന്റെ ആദ്യ പരീക്ഷണശാല ഗോരഖ് പുര്‍, ഫൂല്‍പുര്‍ എന്നീ ലോക്സഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു. രണ്ടിലും സഖ്യം വിജയിച്ചുകയറിയത് ബിജെപിയെ അമ്പരപ്പിച്ചിരുന്നു. റഫാല്‍ പോലുള്ള വിവാദങ്ങളൊന്നും വരാതിരുന്ന കാലത്തായിരുന്നു ആ വിജയം. യുപി മുഖ്യമന്ത്രിയായി പോയ സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരഖ് പുര്‍, അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് പ്രസാദ് മൗര്യ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്ത സീറ്റായിരുന്നു ഫൂല്‍പുര്‍. രണ്ടും ബിജെപിയുടെ കോട്ടകള്‍ തന്നെ. 1991 മുതല്‍ ബിജെപി കൈവശം വയ്ക്കുന്ന മണ്ഡലമാണ് ഗോരഖ് പുര്‍. ഇതു കൂടാതെ, കൈരാന ലോക്സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലെ ജയവും ശ്രദ്ധേയമാണ്. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളാണ് ഇവിടെ മത്സരിച്ചത്. ആര്‍എല്‍ഡിക്ക് മായാവതിയും അഖിലേഷും പിന്തുണ കൊടുത്തു. അതോടെ, അവിടെയും ബിജെപിയില്‍ നിന്നു സീറ്റി പിടിച്ചെടുക്കാനായി.
ഇക്കുറി സമാജ് വാദി പാര്‍ട്ടി 37 സീറ്റിലും കഴിഞ്ഞ തവണ ഒരു സീറ്റിലും വിജയിക്കാതിരുന്ന ബിഎസ്പി 38 സീറ്റിലും ആര്‍എല്‍ഡി മൂന്നു സീറ്റിലുമാണ് കൈകോര്‍ത്തു മത്സരിക്കുന്നത്.
കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ പ്രവേശനം മോഹിച്ചിരുന്നു. അതു നടക്കാതെ വന്നതോടെയാണ് അവര്‍ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത്. 2009ല്‍ ഒറ്റയ്ക്കു നിന്ന കോണ്‍ഗ്രസ് 21 സീറ്റില്‍ വിജയിച്ചിരുന്നു. 2014ലെ മോഡി തരംഗത്തിലാണ് കോണ്‍ഗ്രസ് രണ്ടു സീറ്റിലേക്ക് ഒതുക്കപ്പെട്ടത്. 2009 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
മായാവതിയാണ് പിന്നാക്ക വോട്ടുകളുടെ മൊത്തക്കച്ചവടക്കാരിയായി അറിയപ്പെടുന്നത്. അവരും മുസ്ലിം വോട്ടുകളിലും മുന്നാക്ക വോട്ടുകളിലും സ്വാധീനമുള്ള അഖിലേഷ് യാദവും കൈകോര്‍ക്കുമ്പോള്‍ ബിജെപി മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. അപ്നാ ദളിനെയും ഓം പ്രകാശ് രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) യേയും സഖ്യത്തിലേക്കു കൊണ്ടുവന്നിരിക്കുകയാണ് ബിജെപി. ഇതാകട്ടെ, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രമാണ്. പിന്നാക്ക വോട്ടില്‍ എസ്ബിഎസ്പിക്കു സ്വാധീനമുണ്ട്. അതുവഴി പിന്നാക്ക വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍.
പക്ഷേ, ബിജെപിയുടെ ബഹ്റൈച്ച് എംപി സാവിത്രി ബായി ഫുലെ അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പ്രിയങ്കയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടുമാറ്റം. ബിജെപി തീര്‍ത്തും പിന്നാക്ക വിരുദ്ധ പാര്‍ട്ടിയായതിനാല്‍ അവരെ ഉപേക്ഷിക്കുന്നുവെന്നാണ് സാവിത്രി പറഞ്ഞത്. ഇതു ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ മറ്റു ചിലര്‍ കൂടി കാലുമാറുമെന്ന സംശയവും നിലനില്ക്കുന്നു.
എസ്പി-ബിഎസ്പി സഖ്യത്തിലേക്കു കോണ്‍ഗ്രസിനെ കൂട്ടാതിരിക്കുന്നതിലാണ് ബിജെപിക്ക് ഇപ്പോള്‍ പ്രതീക്ഷ. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിനു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കും. അതു തങ്ങള്‍ക്കു ഗുണമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ബിജെപി കാണുന്ന മറ്റൊരു നേട്ടം പാകിസ്ഥാനില്‍ കടന്നുകയറിയുള്ള വ്യോമാക്രമണത്തിലൂടെ പ്രധാമന്ത്രി മോഡിക്കു കൈവന്നിരിക്കുന്ന പുതിയ ഇമേജാണ്. മറ്റെല്ലാ കോട്ടങ്ങളെയും ഈ ഒറ്റക്കാര്യം അതിജീവിക്കുമെന്ന് അവര്‍ കരുതുന്നു.
പക്ഷേ, നോട്ടു നിരോധനം, കര്‍ഷക ആത്മഹത്യ, പെട്രോള്‍ വിലവര്‍ദ്ധന, റഫാല്‍ അഴിമതി തുടങ്ങി നൂറുനൂറു പ്രശ്നങ്ങള്‍ക്കു ഉത്തരം പറയാന്‍ മോഡി ബാധ്യസ്ഥനാണ്. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തി തരഞ്ഞെടുപ്പിന് ഇറങ്ങിയ അടല്‍ ബിഹാരി വാജ്പേയിയുടെ ദുരന്തം കൂടി മോഡി ഓര്‍ക്കുന്നത് നന്നായിരിക്കും.
മറുവശത്താകട്ടെ, കോണ്‍ഗ്രസിനും ഉത്തരം നല്കാനാവാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയോളം പിടിച്ചുനില്‍ക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനു നഷ്ടമായിരിക്കുന്നു. ദേശീയ പ്രശ്ങ്ങള്‍ വേണ്ടിവധം ജനമദ്ധ്യത്തിലെത്തിക്കുന്നതിനും കോണ്‍ഗ്രസിനു കഴിയാതോ പോകുന്നു. അതിലുപരി പല സംസ്ഥാനങ്ങളിലും സഖ്യകക്ഷികളെ കൂടെ നിറുത്തി ജയം ഉറപ്പാക്കുന്നതിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയപ്പെട്ടു.
keywords: Congress Party, BJP, Utarpradesh, BSP, SP, Mayawati, Loksabha Polls 2019
COMMENTS