അഭിനന്ദ് ന്യൂഡല്‍ഹി: എഐസിസി വക്താവും സെക്രട്ടറിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് തൃശൂര്‍ സീറ്റു തനിക്കു വേണമെന്ന ആവശ്യം കോണ്‍...
അഭിനന്ദ്
ന്യൂഡല്‍ഹി: എഐസിസി വക്താവും സെക്രട്ടറിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് തൃശൂര്‍ സീറ്റു തനിക്കു വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരാകരിച്ചതിനാല്‍.
മിക്ക തിരഞ്ഞെടുപ്പുകളിലും വടക്കന്‍ സീറ്റിനായി മോഹിക്കുകയും ചരടുവലിക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനെന്ന ലേബലുണ്ടായിട്ടും അദ്ദേഹത്തിനു സീറ്റു നല്കാന്‍ കേരള ഘടകം തയ്യാറായിരുന്നില്ല.
വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വടക്കന് പാര്‍ട്ടിയുടെ ഉന്നതങ്ങളിലെ ബന്ധമല്ലാതെ, താഴേത്തട്ടില്‍ പ്രവര്‍ത്തകരുമായി ബന്ധമില്ല. അതുകൊണ്ടു തന്നെയാണ് സീറ്റു കൊടുക്കാന്‍ നേതൃത്വം താത്പര്യം കാട്ടാതിരുന്നത്.
ഇനിയും കാത്തിരുന്നാല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ വടക്കനെ പ്രേരിപ്പിച്ചിരിക്കുന്നത്. ബിജെപി സീറ്റു ധാരണയിലെത്തുന്നതിനു മുമ്പേ കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ മാറ്റം കൊണ്ടു ഗുണമുണ്ടാവില്ലെന്നു വടക്കന്‍ തിരിച്ചറിഞ്ഞു. ഇതാണ് ഇപ്പോള്‍ തന്നെ കളം മാറാന്‍ തീരുമാനമെടുത്തത്.
ബിജെപി ക്ഷണിച്ചെങ്കിലും വടക്കന്‍ അവര്‍ക്കും ബാധ്യതയായി മാറും. വടക്കന് കേരളത്തില്‍ വേരുകളൊന്നുമില്ല. തൃശൂര്‍ സീറ്റ് ഇപ്പോള്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കായി കരുതിവയ്ക്കുന്നതാണ്. അതു വടക്കനു കൊടുത്താല്‍ പ്രശ്‌നമാവും. പിന്നെയുള്ളത് ചാലക്കുടിയാണ്. അവിടെ ഇന്നസെന്റിന് ഇക്കുറി സാധ്യത കുറവാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നതിനുസരിച്ചാവും ഇന്നസെന്റിന്റെ സാദ്ധ്യത. അവിടെ വടക്കനെ നിയോഗിക്കുന്നത് ആത്മഹത്യാപരമാവുമെന്നാണ് വിലയിരുത്തല്‍.
വടക്കന്‍ പോയതുകൊണ്ടു കോണ്‍ഗ്രസിനു പ്രത്യേകിച്ചു ക്ഷീണില്ല. തിരഞ്ഞെടുപ്പു നാളുകളില്‍ എഐസിസി വക്താവും സെക്രട്ടറിയുമായ ഓരാള്‍ വിട്ടുപോയതിന്റെ ക്ഷീണം മാത്രമേയുള്ളൂ.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കുടുംബാധിപത്യത്തിലും പുല്‍വാമ സംഭവത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് വിട്ടുപോകുന്നതെന്നാണ് ടോം വടക്കന്‍ പറയുന്നത്.
Keywords: Congress Party, BJP, Tom Vadakkan, Ravishankar Prasad
COMMENTS