വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡില്‍ രണ്ടു മസ്ജിദുകളിലായി വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനിടെ നടന്ന വെടിവയ്പ്പില്‍ മരിച്ചവരുടെ സംഖ്യ 50 ആയി. മ...
വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡില്‍ രണ്ടു മസ്ജിദുകളിലായി വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനിടെ നടന്ന വെടിവയ്പ്പില്‍ മരിച്ചവരുടെ സംഖ്യ 50 ആയി. മരിച്ച ഇന്ത്യക്കാരുടെ എണ്ണം മലയാളി ഉള്‍പ്പെടെ അഞ്ചായി.
ന്യൂസീലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഇന്ത്യക്കാരുടെ മരണസംഖ്യ സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തത്. കൊല്ലപ്പെട്ട മലയാളി കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലിബാവയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. റമീസ് വോറ, ആസിഫ് വോറ, മെഹബൂബ കോഖര്‍, ഒസൈര്‍ കദിര്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.
ഹൈദരാബാദ് നിവാസി ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കു പരിക്കേറ്റു. രണ്ടു വയസ്സുള്ള ആണ്‍കുട്ടിക്കും അഞ്ചു വയസ്സുകാരിക്കും വെടിയേറ്റിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വെടിവയ്പ്പിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് വന്നുപോകാന്‍ വീസ വേഗത്തിലാക്കാന്‍ ന്യൂസീലാന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റ് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്കും ഹൈക്കമ്മിഷനില്‍ തുറന്നിട്ടുണ്ട്. 021803899, 021850033 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍.
കൊലയാളി ബ്രെന്റണ്‍
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മ സ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്‌ലാമിക് സെന്ററിലെ മോസ്‌കിലും ചെറിയ ഇടവേളകളില്‍ ആക്രമണമുണ്ടായത്.
കൊലയാളി ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടറാന്റി(28)നെ ക്രൈസ്റ്റ് ചര്‍ച്ച് ജില്ലാ കോടതിയില്‍ ഹാജരാക്കി. താന്‍ ചെയ്ത ക്രൂരകൃത്യത്തില്‍ പരു പശ്ചാത്താപവുമില്ലാതെയായിരുന്നു ഇയാള്‍ ജഡ്ജിക്കു മുന്നില്‍ നിന്നത്. വെള്ളക്കാരുടെ അധീശത്വത്തില്‍ വിശ്വസിക്കുന്നവര്‍ കാണിക്കുന്ന മുദ്രയും ഇയാള്‍ കൈകൊണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കു കാണിച്ചു.
ടറാന്റിനെതിരേ കൊലപാതക്കുറ്റം മാത്രമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. തടവുകാര്‍ക്കുള്ള വെളുത്ത വസ്ത്രങ്ങളും വിലങ്ങും ധരിച്ചു നിന്ന ഇയാള്‍ ജഡ്ജിയോടു ജാമ്യം ആവശ്യപ്പെട്ടില്ല. ഏപ്രില്‍ അഞ്ചു വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് നിവാസിയാണ്. 2012ലാണ് ടറാന്റ് ന്യൂസിലന്‍ഡിലെത്തിയത്. ഇയാളെ കൂടാതെ രണ്ടുപേര്‍കൂടി പിടിയിലായിട്ടുണ്ട്. ഡാനിയല്‍ ബ റോയ് എന്ന പതിനെട്ടുകാരനെതിരേ പ്രേരണാ കുറ്റം ചുമത്തി. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: New Zealand mosques, Prime Minister Jacinda Ardern, Christchurch, Facebook,
Brenton Tarrant, Australia, Gunman, Norwegian, Anders Breivik
COMMENTS