ജാവേദ് റഹ്മാന്‍ കോഴിക്കോട് : കാസര്‍കോട് മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതിനു പിന്നാലെ ജില്ല...
ജാവേദ് റഹ്മാന്‍
കോഴിക്കോട് : കാസര്‍കോട് മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതിനു പിന്നാലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പൊട്ടിത്തെറിയുടെ വക്കില്‍. ഉണ്ണിത്താനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശിക നേതൃത്വം.
ഞായറാഴ്ച തന്നെ അടിയന്തര ഡിസിസി യോഗം ചേര്‍ന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. കാസര്‍കോട് നിന്നുതന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്നും അങ്ങനെയായാല്‍ സിപിഎമ്മില്‍ നിന്നു മണ്ഡലം പിടിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഡിസിസി നേതൃത്വം.
സിറ്റിംഗ് എംപി പി കരുണാകരന്‍ മത്സരിക്കാത്തതും അടുത്തിടെ പെരിയയില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ കൊന്നതിലുള്ള ജനകീയ പ്രതിഷേധവുമെല്ലാം വോട്ടായി മാറുമെന്നും അതുവഴി മണ്ഡലം പിടിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജില്ലാ നേതൃത്വം. അതിനിടെയാണ് ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. പി കരുണാകരന് പകരം കാസര്‍കോട് ഇത്തവണ സിപിഎം നിയോഗിച്ചിരിക്കുന്നത് മണ്ഡലത്തില്‍ സുപരിചിതനും ജനകീയനുമായ പി സതീഷ് ചന്ദ്രനെയാണ്.
ഐ സുബ്ബറേയുടെ പേരിനായിരുന്നു കാസര്‍കോട്ടു പ്രാമുഖ്യം കിട്ടിയിരുന്നത്. ഇതു കൂടാതെ, ഷാനിമോള്‍ ഉസ്മാന്റെയും ടി സിദ്ധിഖിന്റെയും പേരുകള്‍ പരിഗണിച്ചിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മണ്ണും ചാരി നിന്ന ഉണ്ണിത്താന്‍ വന്നെത്തിയത്.
കാസര്‍കോട് കോണ്‍ഗ്രസിന് ബാലികേറാമലയല്ലെന്നും അവിടെ വിജയിക്കാവുന്നതേയുള്ളു എന്നുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആദ്യ പ്രതികരണം.
ഇതിനിടെ, വടകരയില്‍ പി ജയരാജനെ നേരിടാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിയോഗിക്കപ്പെടുമെന്നു ചില വാര്‍ത്തകളുണ്ടായിരുന്നു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണനെതിരെ തലശേരിയില്‍ മികച്ച പോരാട്ടം നടത്തിയ ചരിത്രവുമായാണ് വീണ്ടും മലബാറിലേക്കു ഉണ്ണിത്താന്‍ എത്തുന്നത്. കോടിയേരിയുടെ ഭൂരിപക്ഷം നാല്പതിനായിരത്തില്‍ നിന്നു പതിനായിരത്തിലേക്ക് കുറയ്ക്കാന്‍ ഉണ്ണിത്താനു കഴിഞ്ഞിരുന്നു.
ഇതിലും വലിയൊരു അതിശയം കാസര്‍കോട്ട് ഉണ്ണിത്താനു കാഴ്ചവയ്ക്കാനാവുമോ എന്നു കാത്തിരുന്നു കാണാം.
Keywords: Rajmohan Unnithan, Kasargod, KP Satheesh Chandran, Loksabha Poll 2019
COMMENTS